രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തെ ആവേശത്തോടെയായിരുന്നു പ്രേക്ഷകരും ഏറ്റെടുത്തത്. റീ ഇന്‍ട്രോഡ്യൂസിങ് ഫാഫാ എന്ന ടാഗ് ലൈനോടെ ഇറങ്ങിയ ചിത്രത്തില്‍ ഫഹദിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു കണ്ടത്.

രംഗ എന്ന ഗാങ്സ്റ്ററായിട്ടായിരുന്നു താരം എത്തിയത്. ചിത്രം തിയേറ്ററിലെത്തിയ സമയത്ത് തന്നെ ഫഹദിന്റെ രംഗണ്ണനെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആളുകള്‍ മുന്നോട്ട് വന്നിരുന്നു. അഞ്ചു ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ നിന്ന് അമ്പത് കോടി നേടാന്‍ രംഗണ്ണന് സാധിച്ചിരുന്നു.

വിഷു റിലീസായി എത്തി വെറും 12 ദിവസം കൊണ്ട് മലയാളത്തില്‍ ഈ വര്‍ഷത്തെ നാലാമത്തെ നൂറു കോടി ചിത്രമായി മാറിയ ആവേശം കഴിഞ്ഞ ദിവസമായിരുന്നു ഒ.ടി.ടിയില്‍ എത്തിയത്. ചിത്രത്തില്‍ ഏറെ വൈറലായ ഒന്നായിരുന്നു രംഗണ്ണന്റെ റീലുകള്‍.

ആവേശം റിലീസായതിന് പിന്നാലെ കരിങ്കാളിയല്ലേ എന്ന പാട്ടിന്റെ റീലുകള്‍ വലിയ രീതിയിലും വീണ്ടും ട്രെന്‍ഡിങ്ങായിരുന്നു. ഇപ്പോള്‍ സുരേഷ് റെയ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കരിങ്കാളിയല്ലേ എന്ന പാട്ട് നല്‍കിയത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം മകനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച പോസ്റ്റിലാണ് ക്രിക്കറ്റ് താരം ഈ പാട്ട് നല്‍കിയത്. പോസ്റ്റിന് താഴെ നിരവധി മലയാളികളാണ് കമന്റുകളുമായി എത്തിയത്.