മിമിക്രിയില്‍ നിന്ന് ഒരുപാട് താരങ്ങള്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തിട്ടുണ്ട്. പലരും കോമഡി വേഷങ്ങളില്‍ മാത്രം തളച്ചിടപ്പെട്ടപ്പോള്‍ ചിലര്‍ മാത്രം അത്തരം വേലിക്കെട്ടുകള്‍ തകര്‍ത്ത് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. അത്തരത്തിലൊരു നടനാണ് സുരാജ് വെഞ്ഞാറമൂട്. കരിയറിന്റെ തുടക്കത്തില്‍ കോമഡി റോളുകള്‍ മാത്രം ചെയ്ത സുരാജ് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തന്റെ ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്.

കോമഡിയില്‍ നിന്ന് മാറി സീരിയസ് റോളുകളില്‍ മാത്രം തിളങ്ങുന്ന സുരാജിനെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമാലോകം കാണുന്നത്. ഈ വര്‍ഷവും പെര്‍ഫോമര്‍ എന്ന നിലയില്‍ സുരാജ് തിളങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി. ഈ വര്‍ഷത്തെ ആദ്യ റിലീസായ യൂത്തില്‍ ഗംഭീര പ്രകടനമാണ് സുരാജ് കാഴ്ചവെച്ചത്. ഏപ്രിലിലും സുരാജിന്റേതായി രണ്ട് ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നുണ്ട്.

ധനുഷിനെ നായകനാക്കി വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന കരയാണ് ആദ്യ റിലീസ്. ചിത്രത്തില്‍ ഭരതന്‍ എന്ന പൊലീസ് ഓഫീസറായാണ് താരം വേഷമിടുന്നത്. പുറത്തുവന്ന അപ്‌ഡേറ്റുകളിലെല്ലാം സുരാജിന്റെ കഥാപാത്രമാണ് പ്രധാന ചര്‍ച്ച. തമിഴിന് പുറമെ മലയാളത്തിലും സുരാജിന്റെ റിലീസുണ്ട്. ഭരതനാട്യത്തിന്റെ സീക്വലായ മോഹിനിയാട്ടമാണ് താരത്തിന്റെ മലയാള ചിത്രം.

ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സുരാജ് തന്നെയാണ് പ്രധാന സ്‌കോറര്‍. സൈജു കുറുപ്പിന്റെ കുടുംബം നേരിടുന്ന പ്രശ്‌നത്തില്‍ നിന്ന് രക്ഷിക്കാനെത്തുന്ന കഥാപാത്രമാണ് സുരാജിന്റേത്. ഡയലോഗുകള്‍ കൊണ്ട് സുരാജ് സ്‌കോര്‍ ചെയ്യുന്നുണ്ട്. നന്ദു പൊതുവാള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പറയുന്ന കൗണ്ടറാണ് ഇതില്‍ ശ്രദ്ധേയം.

‘ഒന്ന് ഒച്ച താഴ്ത്തി സംസാരിക്കാമോ’ എന്ന് നന്ദു ചോദിക്കുമ്പോള്‍ ‘നീ പോടാ വഴിപോക്കാ’ എന്നാണ് സുരാജിന്റെ മറുപടി. മലയാളസിനിമയുടെ സ്ഥിരം വഴിപോക്കന്‍ എന്നാണ് നന്ദുവിന് ട്രോളന്മാര്‍ നല്‍കിയ പേര്. ഈ റഫറന്‍സാണ് സുരാജ് തന്റെ ഡയലോഗില്‍ ഉള്‍പ്പെടുത്തിയത്. മോഹിനിയാട്ടത്തിലെ ഷോ സ്റ്റീലര്‍ സുരാജാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

ഇത് മാത്രമല്ല, ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലര്‍ 2ലും സുരാജ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. തലൈവര്‍ക്കും മോഹന്‍ലാലിനുമൊപ്പം ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരും ഒന്നിക്കുന്ന ചിത്രത്തില്‍ ശക്തമായ വേഷമാകും സുരാജിനെന്ന് ഏറെക്കുറെ ഉറപ്പായി. മലയാളത്തിലും തമിഴിലും സുരാജിന്റെ അഴിഞ്ഞാട്ടം കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: Suraj Venjaramoodu’s performance in Mohiniyattam movie trailer getting appreciations

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ