ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സുനില്‍ ഗവാസ്‌കര്‍. ക്രീസിലെത്തിയ ശേഷം സിംഗിള്‍ എടുക്കുകയാണ് അഭിഷേക് ശര്‍മ ആദ്യം ചെയ്യേണ്ടത് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
മാത്രമല്ല ഒരു അതിവേഗ സിംഗിള്‍ നേടിയാല്‍ അഭിഷേകിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാമെന്നും ശേഷം ആക്രമിച്ച് കളിക്കാമെന്നും മുന്‍ താരം പറഞ്ഞു. സ്പോര്‍ട്സ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.
‘അഭിഷേക് ശര്‍മ ഒരു സിംഗിള്‍ എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അവന് നല്‍കാനുള്ള എന്റെ ഏക ഉപദേശം ഇതാണ്. സിംഗിള്‍ എടുത്തുകഴിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ക്ക് ആക്രമിച്ചുകളിക്കാം. കാലുകളെ അതിവേഗം ചലിപ്പിച്ചുകൊണ്ട് ഒരു സിംഗിള്‍ നേടുന്നത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അതിന് ശേഷം സ്വന്തം ശൈലിയില്‍ ആക്രമിച്ച് കളിക്കാവുന്നതാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം 2026 ടി – 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ടീമിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 176 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് ടീം രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ 114 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഇതോടെ സൂപ്പര്‍ 8 ലേക്ക് പ്രവേശിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയായിരുന്നു. ഇനി ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലെ അവസാന മത്സരത്തില്‍ നെതര്‍ലാന്‍ഡ്സിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. നാളെ (ഫെബ്രുവരി 18) ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.