
അബൂജ: വടക്കു കിഴക്കന്‍ നൈജീരിയയില്‍ മുസ്‌ലിം പള്ളിക്ക് നേരെ നടന്ന ചാവേറാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. മെയ്ദുഗുരി നഗരത്തിലുള്ള അല്‍ ഹാജി ഹരൂന പള്ളിക്ക് നേരെയാണ് ചാവേറാക്രമണം നടന്നത്. ആഫ്രിക്കന്‍ ഭീകര സംഘടനയായ ബോക്കോ ഹറാമാണ് ആക്രമണത്തിന് പിന്നില്‍. കഴിഞ്ഞ ദീവസം നൈജീരിയന്‍ പ്രസിഡന്റായി മുഹമ്മദ് ബുഹാരി അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
പള്ളിയില്‍ നമസ്‌കാര സമയത്താണ് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. ബോക്കോ ഹറാമിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഹമ്മദ് ബുഹാരി പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ സൈനിക കേന്ദ്രമായി മെയ്ദുഗുരിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മെയ്ദുഗുരിക്ക് നേരെ ബോക്കോ ഹറാം ഗ്രനേഡാക്രമണം നടത്തിയിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യം തീവ്രവാദികളെ തുരത്തിയത്. ആക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്.
മെയ്ദുഗുരി ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ അടങ്ങുന്ന ബോര്‍ണോ സ്‌റ്റേറ്റ് ബോക്കോ ഹറാമിന്റെ ശക്തി കേന്ദ്രങ്ങളാണ്. ഇവിടെ 13000ത്തിലധികം പേരാണ് 2009 മുതല്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 1.5 മില്ല്യണ്‍ ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
