ന്യൂയോര്‍ക്ക്: യു.എസിന്റേത് ബലം പ്രയോഗിച്ച് ‘സമാധാനം’ അടിച്ചേല്‍പ്പിക്കുന്ന നയമാണെന്നും അത് അപകടമാണെന്നും ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ്. 81-ാമത് ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന കമ്യൂണിറ്റി ഓഫ് ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റേറ്റ്‌സിന്റെ (സി.ഇ.എല്‍.എ.സി) മന്ത്രിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എസ് നയം സായുധ സംഘര്‍ഷങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആയുധമത്സരം രൂക്ഷമാക്കുകയും ചെയ്യുന്നു. അവര്‍ പരമാധികാര പ്രദേശങ്ങളും വിഭവങ്ങളും കൈക്കലാക്കാന്‍ ശ്രമിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളെയും ബഹുരാഷ്ട്ര സഹകരണത്തെയും ലംഘിക്കുന്നതാണ് യു.എസ് നയം. ക്യൂബ നേരിടുന്ന പല വെല്ലുവിളികള്‍ക്കും യു.എസ് കാരണമെന്ന് ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് അഭിപ്രായപ്പെട്ടു.

നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ട്രംപിനെ റോഡ്രിഗസ് വിമര്‍ശിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ മേഖലയിലും ‘കാലഹരണപ്പെട്ട മണ്‍റോ സിദ്ധാന്തം’ നടപ്പിലാക്കാന്‍ ശ്രമിച്ചു. ‘പുതിയതും അസ്വീകാര്യവുമായ അനുബന്ധ നടപടികള്‍’ വഴിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട സൈനിക സാന്നിധ്യം, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരായ തീരുവകള്‍, മേഖലയെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ എന്നിവയെല്ലാം യു.എസ് അവരുടെ ‘ആധിപത്യം സ്ഥാപിക്കാനുള്ള ഉപകരണങ്ങളായി’ ഉപയോഗിക്കുന്നുവെന്നും റോഡ്രിഗസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

ക്യൂബ-യു.എസ് നയതന്ത്ര സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെയാണ് റോഡ്രിഗസിന്റെ പ്രതികരണം. ക്യൂബയിലെ പ്രതിസന്ധികള്‍ക്ക് കാരണം യു.എസിന്റെ ഉപരോധമാണെന്ന് റോഡ്രിഗ്രസ് പല തവണ അഭിപ്രായപ്പെട്ടിരുന്നു. ഈ മാസം ആദ്യം വിദേശത്തുള്ള ക്യൂബന്‍ നയതന്ത്ര ദൗത്യസംഘങ്ങളുടെ തലവന്മാരുമായി റോഡ്രിഗസ് കൂടിക്കാഴ്ച നടത്തിയപ്പോഴും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

ക്യൂബയില്‍ നീണ്ടുനില്‍ക്കുന്ന വൈദ്യുതി മുടക്കവും ഗ്രിഡ് തകരാറുകളും കാരണം ദേശീയ വൈദ്യുത സംവിധാനത്തിന്റെ പ്രവര്‍ത്തനം പരാജയപ്പെടുന്നുണ്ട്. ഇന്ധനത്തിനും സാമ്പത്തിക ഇടപാടുകള്‍ക്കുമുള്ള യു.എസിന്റെ ഉപരോധവും നിയന്ത്രണങ്ങളുമാണ് ഇതിന് കാരണമെന്ന് ക്യൂബന്‍ അധികൃതര്‍ അഭിപ്രായപ്പെടുന്നു.

ഈ വര്‍ഷം തുടക്കത്തിലാണ് യു.എസ് ക്യൂബയെ ലക്ഷ്യമിട്ടുള്ള ഉപരോധ, നിയന്ത്രണ നടപടികള്‍ ആരംഭിച്ചത്. ക്യൂബ യു.എസിന്റെ ദേശീയ സുരക്ഷയ്ക്കും മേഖലയിലെ സുരക്ഷയ്ക്കും ഭീഷണി ആണെന്ന് ആരോപിച്ചുകൊണ്ട് ഈ വര്‍ഷം ജനുവരി 29 ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഈ വര്‍ഷം മേയില്‍ മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയ്ക്കും മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കും എതിരെ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു കുറ്റപത്രം പുറപ്പെടുവിക്കുകയും ചെയ്തു. 1996-ല്‍ ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ എന്ന സംഘടനയുടെ രണ്ട് സിവിലിയന്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന കേസിലായിരുന്നു കുറ്റപത്രം. ക്യൂബയ്ക്ക് എണ്ണ വില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നതടക്കമുള്ള നടപടികളും ട്രംപ് ഭരണകൂടം ഈ വര്‍ഷം സ്വീകരിച്ചിരുന്നു.

ക്യൂബക്കെതിരെ ഈ മാസവും യു.എസ് പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ക്യൂബന്‍ മുന്‍ നേതാവ് റൗള്‍ കാസ്ട്രോയുടെ കൊച്ചുമകന്‍ ഫിഡല്‍ ഏണസ്റ്റോ കാസ്ട്രോ അടക്കമുള്ള വ്യക്തികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും എതിരെയാണ് യു.എസ് ഈ മാസം ആദ്യം പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്.

യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ ഓഫീസ് (ഒ.എഫ്.എ.സി) അന്ന് ഫിഡല്‍ ഏണസ്റ്റോ കാസ്ട്രോ കാലിസിനെ ‘കരിമ്പട്ടികയില്‍’ പെടുത്തകയായിരുന്നു. മഫോറിന്‍ ബാങ്ക് ഓഫ് ക്യൂബ (ബി.ഇ.സി) അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയും അന്ന് കരിമ്പട്ടികയില്‍ പെടുത്തി. ക്യൂബയുടെ പെട്രോളിയം മേഖലയുടെ ഇറക്കുമതി, കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊമേഴ്‌സ്യല്‍ കുപെറ്റ് ആണ് യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയ സ്ഥാപനങ്ങളിലൊന്ന്.

കാസ്ട്രോ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഓര്‍ഡര്‍ 14404 പ്രകാരമായിരുന്നു കാലിസിനെ ഒ.എഫ്.എ.സി കരിമ്പട്ടികയില്‍ പെടുത്തിയത്. കാസ്ട്രോ കാലിസിന്റെ സഹോദരന്‍ റൗള്‍ അലജാന്‍ഡ്രോ കാസ്ട്രോക്കെതിരെ ഈ വര്‍ഷം ജൂണ്‍ നാലിന് യു.എസ് സമാന ഉപരോധം ചുമത്തിയിരുന്നു.

Content Highlight: U.S. Imposes ‘Peace’ by Force: Cuban FM Rodriguez