ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ സൊഹ്‌റാന്‍ മംദാനിക്ക് ഓണ്‍ലൈന്‍ പരാതി. മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ഫ്രെഡ്‌റിച്ചാണ് ഓണ്‍ലൈന്‍ ക്യാമ്പയിനിങ് പ്ലാറ്റ്‌ഫോമായ ആക്ഷന്‍ നെറ്റ്‌വര്‍ക്ക് വഴി മംദാനിക്ക് പരാതി സമര്‍പ്പിച്ചത്. രണ്ടായിരത്തിലധികം പേര്‍ ഇതിനകം പരാതിയെ പിന്തുണച്ചിട്ടുണ്ട്.
‘നാസികളില്‍ നിന്ന് പ്രചോദിതരായ ആര്‍.എസ്.എസ് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ കൈവശപ്പെടുത്തുന്നത് തടയുക,’ എന്ന തലക്കെട്ടോട് കൂടിയാണ് ഓണ്‍ലൈനില്‍ പരാതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. മേയര്‍ മംദാനിയെ അഭിസംബോധന ചെയ്താണ് പരാതി.
ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഈ മാസം 29ന് നടക്കുന്ന ‘യൂനിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍’ എന്ന പരിപാടിയിലാണ് മോഹന്‍ ഭാഗവത് പങ്കെടുക്കുന്നത്. മോഹന്‍ ഭാഗവത് ന്യൂയോര്‍ക്കിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ പുരോഹിതന്മാര്‍, സമുദായ നേതാക്കള്‍, പൗരാവകാശ വക്താക്കള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിച്ചതായി പീറ്റര്‍ ഫ്രെഡ്‌റിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
മോഹന്‍ ഭഗവതിന്റെ ഓഗസ്റ്റ് 29-ലെ പരിപാടി റദ്ദാക്കണമെന്ന് ആ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, സിഖ് കോയലിഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍, ദലിത് സോളിഡാരിറ്റി ഫോറം, സേവ് അമേരിക്ക ഫ്രം ഹിന്ദുത്വ, ജ്യൂസ് ഫോര്‍ റേഷ്യല്‍ ആന്‍ഡ് എക്കണോമിക് ജസ്റ്റിസ്, റബ്ബീസ് ഫോര്‍ സീസ്ഫയര്‍, ന്യൂയോര്‍ക്ക് സിഖ് കൗണ്‍സില്‍, മൂവ്മെന്റ് ഫോര്‍ ബ്ലാക്ക് ലൈവ്‌സ്, കെയര്‍-എന്‍വൈ എന്നിവയുള്‍പ്പെടെ നാല്‍പ്പത്തിയെട്ട് സംഘടനകളുടെ ഒരു കൂട്ടായ്മയാണ് മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള യോഗം സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സിറ്റി ഹാളിലെ യോഗത്തില്‍ മേയര്‍ മംദാനിയും സംസാരിച്ചിരുന്നു ഹിന്ദു ദേശീയതയുടെ വളര്‍ച്ച അവിശ്വസനീയമാംവിധം അസ്വസ്ഥത ഉളവാക്കുന്നുണ്ടെന്നാണ് മംദാനി യോഗത്തില്‍ സംസാരിക്കവെ പറഞ്ഞതെന്നും പീറ്റര്‍ ഫ്രെഡ്‌റിച്ച് പറഞ്ഞു. ഹിന്ദു ദേശീയതയോട് തനിക്ക് കടുത്ത എതിര്‍പ്പുണ്ടെന്നും മംദാനി പറഞ്ഞിരുന്നു. പരിപാടി റദ്ദാക്കണോ എന്ന് നേരിട്ട് ചോദിച്ചപ്പോള്‍, റാലിയെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ ഒരു സ്വകാര്യ പരിപാടിയുടെ മേല്‍ നഗരസഭക്ക് അധികാരപരിധി ഉണ്ടോ എന്ന് അറിയില്ലെന്ന് മംദാനി പറഞ്ഞെന്നും ഫ്രെഡ്‌റിച്ച് വ്യക്തമാക്കി.
മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നാസി റാലി നടന്ന 1939-ലാണ് ആര്‍.എസ്.എസിന്റെ മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതെന്നും ഫ്രെഡ്‌റിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഗാന്ധിവധവും തുടര്‍ന്നുണ്ടായ നിരോധനവും, ഒരു നൂറ്റാണ്ടിന്റെ വംശഹത്യകളും അടക്കമുള്ള ചരിത്രമാണ് ആര്‍.എസ്.എസിനുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘അമേരിക്കന്‍ ഹിന്ദുസ് ഫോര്‍ എന്‍ഗേജ്‌മെന്റ് ആന്‍ഡ് ഡയലോഗ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഭാഗവത് പങ്കെടുക്കുന്ന ‘യൂനിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍’ എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ പരിപാടി റദ്ദാക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. വിദ്വേഷ പ്രചാരണങ്ങള്‍ക്കും തീവ്ര ദേശീയതയ്ക്കും നഗരത്തില്‍ വേരോട്ടമുണ്ടാക്കാന്‍ അനുവദിക്കരുതെന്നും പരിപാടി നിര്‍ത്തിവെക്കാന്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗം സോഹ്റാന്‍ മാംദാനി അടിയന്തരമായി ഇടപെടണമെന്നും ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെടുന്നു.
ആര്‍.എസ്.എസ് പരിപാടി താന്‍ അംഗീകരിക്കുന്നില്ലെന്ന് മേയര്‍ മംദാനിയും വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ വളര്‍ന്നുവന്നതും എന്റെ കുടുംബം എന്നെ പഠിപ്പിച്ചതുമായ ഇന്ത്യയെന്നത് എല്ലാ വിഭാഗം ജനങ്ങളും തുല്യാവകാശത്തോടെ ജീവിക്കുന്ന, മതേതരത്വവും ബഹുസ്വരതയും പുലരുന്ന ഒരു രാജ്യമാണ്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ, ഒഴിവാക്കല്‍ നയം അടിസ്ഥാനമാക്കിയുള്ള ഒരു മുന്നേറ്റം വളരുന്നത് കാണുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്,’ എന്നും മംദാനി പറഞ്ഞിരുന്നു.
Content Highlight: Stop Nazi-Inspired RSS From Occupying Madison Square Garden: Petition to Zohran Mamdani
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.