ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്. ഗോട്ട് ഡിബേറ്റില്‍ പല താരങ്ങള്‍ക്കും പരിശീലകര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.
ഇപ്പോള്‍ ഇരുതാരങ്ങളെയും കുറിച്ച് ലിവര്‍പൂളിന്റെ ഇംഗ്ലണ്ട് ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. തന്റെ കരിയറില്‍ നേരിടാന്‍ ഭയപ്പെട്ടതും തടയാന്‍ കഴിയാത്തതുമായ താരങ്ങളായിരുന്നു മെസിയും റൊണാള്‍ഡോയുമെന്നായിരുന്നു ജെറാര്‍ഡ് പറഞ്ഞത്. മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇംഗ്ലണ്ട് ഇതിഹാസം മെസിയെയും റൊണാള്‍ഡോയെക്കുറിച്ചും സംസാരിച്ചത്.
‘ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാന്‍ കഴിയുന്ന താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. നമ്മള്‍ അവരുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അവരുടെ കാലത്ത് ജീവിക്കാനായതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്.
എന്റെ കരിയറില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നത് അവരെ നേരിടുമ്പോഴായിരുന്നു. അവര്‍ മറ്റൊരു ഗ്രഹത്തിലെ ജീവികളെ പോലെയായിരുന്നു. അവരെ തടയാനുള്ള പദ്ധതികള്‍ ഒന്നും വിജയിച്ചിരുന്നില്ല. മത്സരങ്ങളുടെ അവസാന നിമിഷങ്ങളില്‍ അവരുടെ മുന്നില്‍ പോകാതെ ഇരിക്കുന്നതാണ് നല്ലത്,’ സ്റ്റീവന്‍ ജെറാര്‍ഡ് പറഞ്ഞു.
ഇരുതാരങ്ങളും തങ്ങളുടെ കരിയറിലെ അവസാന ഘട്ടത്തിലും മികച്ച പോരാട്ടവീര്യങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 2026 ലോകകപ്പിന് ശേഷം ഇരു താരങ്ങളും ക്ലബ്ബ് ഫുട്ബോളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടുകയെന്ന മെസിയുടെയും അര്‍ജന്റീനയും സ്വപ്നം ഫൈനലില്‍ അവസാനിക്കുകയായിരുന്നു. കലാശപോരാട്ടത്തില്‍ സ്പെയ്നിനോട് പരാജയപ്പെട്ടതാണ് അര്‍ജന്റീനക്ക് കിരീടം നഷ്ടമായത്.
ഈ ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്.
മറുഭാഗത്ത് റൊണാള്‍ഡോക്ക് പ്രീക്വാര്‍ട്ടര്‍ വരെയാണ് ലോകകപ്പില്‍ മുന്നേറാന്‍ സാധിച്ചത്. ചാമ്പ്യന്മാരായ സ്പെയ്നിനോട് പരാജയപ്പെട്ടായിരുന്നു പോര്‍ച്ചുഗലിന്റെ മടക്കം. 41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂര്‍ണമെന്റിലും ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി.
Content Highlight: Steven Gerrard talks about Cristiano Ronaldo and Lionel Messi