ശ്രീനാഥ് ഭാസിയെ നായകനാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കറക്കം.’മലയാളത്തിലെ ആദ്യത്തെ ‘മ്യൂസിക്കൽ ഹൊറർ കോമഡി’ എന്ന ലേബലോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു കൂട്ടം ന്യൂജനറേഷൻ യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മിലുണ്ടാകുന്ന അതീവ രസകരമായ സംഭവങ്ങളാണ് സിനിമയുടെ കഥ പശ്ചാത്തലം.
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന യുവ താരങ്ങളിൽ ഒരാളാണ് ശ്രീനാഥ് ഭാസി. ഇപ്പോൾ ചിത്രത്തിലേക്ക് എത്തിയതെങ്ങനെ എന്ന് പങ്കുവെക്കുകയാണ് താരം. ഹൊറർ സിനിമ ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന സമയത്താണ് ‘കറക്കം’ എന്ന പ്രൊജക്ട് തന്നിലേക്ക് എത്തുന്നതെന്നും , ചിത്രത്തിൽ ഡാൻസ് കളിക്കുന്ന പ്രേതങ്ങൾ ഉണ്ടെന്നു അറിഞ്ഞപ്പോൾ കൗതുകം തോന്നി എന്നും ശ്രീനാഥ് ഭാസി പറയുന്നു . ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
താൻ സാധാരണയായി സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ അതിൻ്റെ ഴോണർ നോക്കാറില്ലെന്നും, തന്നെ ആകർഷിക്കുന്ന കഥാപാത്രവും അതിൻ്റെ ടീമും നോക്കിയാണ് ചെയ്യാറുള്ളതെന്നും ശ്രീനാഥ് പറയുന്നു. എന്നാൽ ‘കറക്കം’ വന്നപ്പോൾ താൻ ഇത് ആദ്യമേ കമ്മിറ്റ് ചെയ്യാനുള്ള പ്രധാന കാരണം ഇതിൻ്റെ ഴോണർ തന്നെയാണ്. താൻ ഹൊറർ സിനിമകളുടെ ഒരു വലിയ ആരാധകനാണെന്നും, അതുകൊണ്ട് തന്നെ ഈ ചിത്രത്തിലെ ഹൊറർ എലമെൻ്റ് തന്നെ ഏറെ ആവേശം കൊള്ളിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇത് വെറും ഒരു ഹൊറർ കോമഡി ചിത്രം അല്ല , മറിച്ച് ഒരു ‘മ്യൂസിക്കൽ ഹൊറർ കോമഡി’ കൂടിയാണെന്നും അതൊരു വ്യത്യസ്തമായ തീം ആയി തനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു.
ഹൊറർ കോമഡി ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന സമയത്താണ് ഈ ചിത്രത്തിൽ പ്രേതങ്ങൾ ഡാൻസ് കളിക്കുന്നുണ്ടെന്ന കാര്യം കേൾക്കുന്നത്. അത് കേട്ടപ്പോൾ തനിക്ക് ഏറെ താല്പര്യവും എക്സൈറ്റ്മെന്റും തോന്നിയെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇതൊരു ഭയങ്കര ഹൊറർ ആയി ആളുകളെ പേടിപ്പിച്ച ഇരുത്തുന്ന രീതിയിലുള്ള സിനിമയല്ല. എല്ലാവർക്കും ഒരുമിച്ച് ഇരുന്ന് കാണാനും ആസ്വദിക്കാനും പറ്റുന്ന തരത്തിലുള്ള ഒരു ലൈറ്റ് ഹാർട്ടഡ് ഫൺ എലമെൻ്റുള്ള സിനിമയാണ് കറക്കം എന്നും താരം പറഞ്ഞു.
മിന്നൽ മുരളി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജ് നായികയായെത്തുന്ന ചിത്രത്തിൽ ഷൗൺ റോമി, സിദ്ധാർഥ് ഭരതൻ, അഭിറാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ, മണികണ്ഠൻ ആചാരി, ബിജുക്കുട്ടൻ, മിഥുട്ടി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. എൺപതുകളിലെ റെട്രോ ആത്മാക്കൾ കഥാപാത്രങ്ങളെ പിന്തുടരുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റെയും ക്രൗൺസ്റ്റാർസ് എന്റർടെയ്ൻമെന്റിന്റേയും ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം ഈ മാസം 28-നാണ് തിയേറ്ററുകളിൽ എത്തുന്നത്.
Content Highlight:Sreenath Bhasi talks aabout karakkam movie