ഐ.സി.സി വനിതാ ടി-20 ബൗളിങ് റാങ്കിങ്ങില്‍ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന റേറ്റിങ് പോയിന്റ് സ്വന്തമാക്കി ഇന്ത്യയുടെ ഇടങ്കയ്യന്‍ സ്പിന്നര്‍ ശ്രീ ചാരണി.
പുതിയ റാങ്കിങ് അപ്‌ഡേറ്റില്‍ കരിയറിലെ മികച്ച നേട്ടമായ 817 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് ശ്രീ ചാരണി റെക്കോഡ് സൃഷ്ടിച്ചത്. വനിതാ ടി-20 ചരിത്രത്തില്‍ ഒരു ബൗളര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്.
2018 നവംബറില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മേഗന്‍ ഷട്ട് കുറിച്ച 806 പോയിന്റുകള്‍ എന്ന മുന്‍ റെക്കോഡാണ് ശ്രീ ചാരണി മറികടന്നത്.
ഇന്ത്യ എട്ടാം തവണയും വനിതാ ഏഷ്യാ കപ്പ് കിരീടം ഉയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിലുടനീളം 12 വിക്കറ്റുകളാണ് ശ്രീ ചാരണി വീഴ്ത്തിയത്. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ 72 റണ്‍സ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ശ്രീ ചാരണി. Photo: ICC
ജപ്പാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍, ആതിഥേയരായ ജപ്പാനെതിരെ കരിയറിലെ മികച്ച പ്രകടനമായ 4/10 നേടി ഇന്ത്യയെ സെമിഫൈനലിലെത്തിച്ചു.
തുടര്‍ന്ന് സെപ്റ്റംബര്‍ 22ന് നടന്ന ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ 147 റണ്‍സിന്റെ വമ്പന്‍ ജയത്തിലേക്കും സ്വര്‍ണമെഡലിലേക്കും നയിച്ചു. ഈ പ്രകടനമാണ് താരത്തെ 817 റേറ്റിങ് പോയിന്റില്‍ എത്തിച്ചത്.
ഇന്ത്യന്‍ ഇതിഹാസം ദീപ്തി ശര്‍മയാണ് റാങ്കിങ്ങില്‍ രണ്ടാമത്. 754 റേറ്റിങ്ങോടെയാണ് താരം രണ്ടാം സ്ഥാനത്തുള്ളത്. 723 റേറ്റിങ്ങുമായി ഇംഗ്ലണ്ട് താരം സോഫി എക്കല്‍സ്റ്റോണാണ് മൂന്നാമത്.
ചാര്‍ലി ഡീന്‍ (ഇംഗ്ലണ്ട്), ലോറന്‍ ബെല്‍ (ഇംഗ്ലണ്ട്), ലിന്‍സി സ്മിത് (ഇംഗ്ലണ്ട്), നോന്‍കുലുലേകോ എംലാബ (സൗത്ത് ആഫ്രിക്ക) എന്നിവരാണ് യഥാക്രമം നാല് മുതല്‍ ഏഴ് വരെ റാങ്കിലുള്ളത്.
പാകിസ്ഥാന്‍ താരം നഷ്‌റ സന്ധു മൂന്ന് റാങ്കുകള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ അന്നബെല്‍ സതര്‍ലാന്‍ഡ്, ജോര്‍ജിയ വെര്‍ഹാം എന്നിവര്‍ യഥാക്രമം ഒമ്പത്, പത്ത് സ്ഥാനങ്ങള്‍ നിലനിര്‍ത്തി.
(ഐ.സി.സി പോയിന്റ് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)
Content Highlight: Sree Charani achieves a new milestone in the ICC Women’s T20 bowling rankings.
