ഷൂട്ട് പൂര്‍ത്തിയായി രണ്ട് വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തുകയാണ് നിവിന്‍ പോളി ചിത്രം യേഴ് കടല്‍ യേഴ് മലൈ. തമിഴില്‍ ഒരുപിടി ക്ലാസിക്കുകള്‍ ഒരുക്കിയ റാമാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഫാന്റസി- റൊമാന്‍സ് ഡ്രാമയായി ഒരുക്കിയ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ കൈയടി നേടുകയും ചെയ്തിരുന്നു.
തമിഴിലെ മുന്‍നിര താരമായ സൂരിയും യേഴ് കടല്‍ യേഴ് മലൈയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് സൂരിയുടേതെന്ന് ടീസറും ട്രെയ്‌ലറും സൂചന നല്‍കുന്നു. കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി നില്‍ക്കുന്ന നിവിനും സൂരിയും യേഴ് കടല്‍ യേഴ് മലൈയില്‍ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ മറക്കാനാകാത്ത അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സൂരി. തന്നെക്കാള്‍ മുമ്പ് നിവിന്റെ സീനുകള്‍ ഷൂട്ട് ചെയ്ത് തുടങ്ങിയിരുന്നെന്നും കുറച്ച് വൈകിയാണ് താന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തതെന്നും സൂരി പറഞ്ഞു. ട്രെയിനിനകത്തുള്ള സീക്വന്‍സുകളായിരുന്നു തനിക്ക് കൂടുതലെന്നും താരം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു സൂരി.
‘ഇതില്‍ ട്രെയിനിന്റെ അകത്ത് വെച്ചാണ് എന്റെ സീനുകള്‍ പലതും ഷൂട്ട് ചെയ്തത്. നിവിനും ഒരു എലിയും ഞാനുമാണ് മിക്ക സീനുകളിലുമുള്ളത്. ആ ടൈമിങ് കറക്ടായി കിട്ടാന്‍ കുറച്ച് പ്രയാസമായിരുന്നു. ഒരു സീന്‍ എടുക്കുന്നതിനിടയില്‍ അറിയാതെ ഞനൊന്ന് വണ്‍ മോര്‍ എന്ന് പറഞ്ഞു. അത് കേട്ടതും നിവിന്റെ മൂഡ് മാറി. എന്നോട് ദേഷ്യപ്പെട്ടു. ‘എന്തിനാ വണ്‍ മോര്‍ വിളിക്കാന്‍ പോയത്, ഇന്ന് നമ്മളെ പാടുപെടുത്തും’ എന്ന് നിവിന്‍ പറഞ്ഞു.

അത് മാത്രമല്ല, ഒരു ഷോട്ട് നൂറ് തവണ എടുത്തതിനെക്കുറിച്ചും നിവിന്‍ സംസാരിച്ചിരുന്നു. ‘ഞാന്‍ മരത്തില്‍ കയറുന്ന ഒരു ഷോട്ടുണ്ടായിരുന്നു. അത് എന്നെക്കൊണ്ട് നൂറു തവണ ചെയ്യിച്ചയാളാണ് ഡയറക്ടര്‍. എന്തിനാണ് അത്രയും തവണ ചെയ്യിച്ചതെന്ന് എനിക്ക് ഒരു പിടിയുമില്ല. ഒരു കാല് മുകളിലേക്ക് വെക്കുക, അടുത്തത് താഴേക്ക് വെക്കുക, സാധാരണ മരം കയറുന്നത് പോലെ ചെയ്തിട്ടും പുള്ളിക്ക് ഓക്കെയായില്ല. ഇപ്പോള്‍ വണ്‍ മോര്‍ പറഞ്ഞ സ്ഥിതിക്ക് തീരുമാനമായി’ എന്നായിരുന്നു നിവിന്‍ പറഞ്ഞത്. അത് കേട്ടതും എനിക്ക് ടെന്‍ഷനായി,’ സൂരി പറഞ്ഞു.
8000 വര്‍ഷമായി മരണമില്ലാത്ത വ്യക്തിയായാണ് നിവിന്‍ യേഴ് കടല്‍ യേഴ് മലൈയില്‍ വേഷമിടുന്നത്. അഞ്ജലിയാണ് ചിത്രത്തിലെ നായിക. പേരന്‍പ്, തരമണി, തങ്ക മീന്‍കള്‍, പറന്ത് പോ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റാം ഇത്തവണയും ഞെട്ടിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Soori shares the shooting experience with Nivin Pauly
