കൂലിക്ക് ശേഷം സൗബിനെ പിടിച്ചാല്‍ കിട്ടില്ലെന്ന് ലോകേഷ്.... ഒരൊറ്റ സിനിമയിലും ഇപ്പോള്‍ സൗബിനെ കാണാനില്ലെന്ന് സോഷ്യല്‍ മീഡിയ
Indian Cinema
കൂലിക്ക് ശേഷം സൗബിനെ പിടിച്ചാല്‍ കിട്ടില്ലെന്ന് ലോകേഷ്.... ഒരൊറ്റ സിനിമയിലും ഇപ്പോള്‍ സൗബിനെ കാണാനില്ലെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Saturday, 27th June 2026, 10:10 pm

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കൂലി. രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് അണിയിച്ചൊരുക്കിയ ചിത്രത്തില്‍ വന്‍ താരനിര അണിനിരന്നിരുന്നു. രജിനിക്ക് പുറമെ നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ് തുടങ്ങിയവര്‍ക്കൊപ്പം ബോളിവുഡ് താരം ആമിര്‍ ഖാനും കൂലിയുടെ ഭാഗമായിരുന്നു.

മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറും കൂലിയില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ദയാലന്‍ എന്ന വില്ലനായാണ് സൗബിന്‍ വേഷമിട്ടത്. രജിനിയോടൊപ്പമുള്ള ഫേസ് ഓഫ് സീനില്‍ കട്ടക്ക് കോമ്പറ്റീഷന്‍ നല്‍കാന്‍ സൗബിന് സാധിച്ചിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകന്‍ സൗബിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

കൂലി Photo: Screen grab/ Sun Pictures

കൂലിക്കായി സൗബിന്‍ ഒരു വര്‍ഷത്തോളം മറ്റ് സിനിമകളൊന്നും ചെയ്തിരുന്നില്ലെന്ന് ലോകേഷ് പറഞ്ഞിരുന്നു. കൂലിയില്‍ ഏറ്റവും ഗംഭീര കഥാപാത്രങ്ങളിലൊന്ന് സൗബിന്റേതായിരിക്കുമെന്നും ഈ സിനിമക്ക് ശേഷം സൗബിനെ പിടിച്ചാല്‍ കിട്ടില്ലെന്നുമൊക്കെയായിരുന്നു ലോകേഷ് പ്രവചിച്ചത്. എന്നാല്‍ കൂലിക്ക് ശേഷം സൗബിന്റേതായി സിനിമകളൊന്നും അധികം പുറത്തുവന്നിട്ടില്ലെന്ന് സിനിമാപേജുകള്‍ ചൂണ്ടിക്കാണിക്കുകയാണ്.

വലിയ ബില്‍ഡപ്പൊക്കെ നല്‍കിയ കൂലിയിലെ കഥാപാത്രം സൗബിന് ഒരു മൈലേജും നല്‍കിയിട്ടില്ലെന്നും ഈ സിനിമക്ക് ശേഷം ആകെ ഒരൊറ്റ സിനിമ മാത്രമാണ് താരത്തിന്റേതായി പുറത്തുവന്നിട്ടില്ലെന്ന് ചില പേജുകള്‍ അഭിപ്രായപ്പെടുന്നു. റത്തീന സംവിധാനം ചെയ്ത പാതിരാത്രി മാത്രമാണ് സൗബിന്റേതായി പുറത്തിറങ്ങിയത്.

ഡൊമിനിക് അരുണ്‍ അണിയിച്ചൊരുക്കിയ ലോകഃ ചാപ്റ്റര്‍ വണ്ണില്‍ അതിഥിവേഷത്തിലും സൗബിന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വെറും സെക്കന്‍ഡുകള്‍ മാത്രമുള്ള വേഷമായിരുന്നു ഇത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിലും സൗബിന്‍ ഭാഗമാണ്. എന്നാല്‍ ഇതിന് ശേഷം താരത്തിന്റേതായുള്ള പ്രൊജക്ടുകളൊന്നും അനൗണ്‍സ് ചെയ്തിട്ടില്ല.

മലയാളത്തില്‍ വലിയ തിരക്കുണ്ടായിരുന്ന ഒരു നടനെ ഒരു വര്‍ഷത്തോളം ഒറ്റ സിനിമക്കായി ബ്ലോക്ക് ചെയ്തത് ലോകേഷ് കാണിച്ച അബദ്ധമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെയാണ് സൗബിന് കേരളത്തിന് പുറത്തും റീച്ച് ലഭിച്ചത്. രജിനികാന്തിനൊപ്പം കട്ടക്ക് പിടിച്ചുനിന്ന കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തത് വലിയ തിരിച്ചടിയാണെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.

Content Highlight: Social Media saying that Soubin Shahir doesn’t have any big projects after Coolie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം