'ജോർജ് കുട്ടി ഒരു പടം പിടിക്കുന്നു, അതിലൂടെ സ്വയം കുറ്റ സമ്മതം നടത്തുന്നു'; ദൃശ്യം 3 യുടെ ക്ലൈമാക്സ് തിരഞ്ഞ് ആരാധകർ
Malayalam Cinema
'ജോർജ് കുട്ടി ഒരു പടം പിടിക്കുന്നു, അതിലൂടെ സ്വയം കുറ്റ സമ്മതം നടത്തുന്നു'; ദൃശ്യം 3 യുടെ ക്ലൈമാക്സ് തിരഞ്ഞ് ആരാധകർ
നന്ദന എം.സി
Saturday, 2nd May 2026, 7:37 pm

മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ രണ്ട് ഭാഗങ്ങളും വമ്പൻ വിജയമായതോടെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള പ്രതീക്ഷകളും ദിനംപ്രതി ഉയരുകയാണ്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ചർച്ചകളും ചിത്രത്തെക്കുറിച്ചുള്ള ആരാധക ഊഹങ്ങളും സജീവമായി മാറിയിരിക്കുകയാണ്.

ദൃശ്യം 3, Photo: IMDb

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്ന ഒരു ചർച്ച ജോർജ്കുട്ടിയുടെ ഭാവിയെക്കുറിച്ചാണ്. ആദ്യ ഭാഗത്തിൽ തിയേറ്റർ തുടങ്ങണമെന്ന സ്വപ്നം പറഞ്ഞ ജോർജ്കുട്ടി, രണ്ടാം ഭാഗത്തിൽ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതായി പ്രേക്ഷകർ കണ്ടിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിൽ സിനിമ നിർമാതാവായി ജോർജ്കുട്ടി എത്തുമോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.

ചിലരുടെ അഭിപ്രായത്തിൽ, ജോർജ്കുട്ടി സ്വന്തം ജീവിതകഥയെ ആസ്പദമാക്കി ഒരു സിനിമ നിർമിക്കുകയും, അതിലൂടെ വർഷങ്ങളായി മറച്ചുവെച്ച സത്യം ലോകത്തിന് മുന്നിൽ തുറന്നു പറയുകയും ചെയ്യുമെന്നതാണ് സാധ്യത. പോസ്റ്ററിലെ എഴുത്തുകൾ പോലും ഒരു സ്ക്രിപ്റ്റിന്റെ ഭാവം നൽകുന്നതായി ചിലർ ചൂണ്ടിക്കാണിക്കുന്നു. ‘ജോർജ്കുട്ടി ഒരു പടം പിടിക്കുന്നു, ആ സിനിമയിലൂടെ സ്വയം കുറ്റസമ്മതം നടത്തുന്നു’ എന്ന ആശയം നിരവധി സിനിമാ ഗ്രൂപ്പുകളിലും ആരാധക പേജുകളിലും വൈറലായിക്കഴിഞ്ഞു.

ദൃശ്യം 2, Photo: IMDb

അതേസമയം മറ്റൊരു ചർച്ചയും ശ്രദ്ധ നേടുന്നുണ്ട്. ജോർജ്കുട്ടിയുടെ കുടുംബത്തിൽ വീണ്ടും വലിയ ദുരന്തമുണ്ടാകുകയും, കുടുംബത്തെ രക്ഷിക്കാൻ അദ്ദേഹം വീണ്ടും പുതിയൊരു കളി കളിക്കേണ്ടിവരുമെന്നുമാണ് ചിലരുടെ വിലയിരുത്തൽ. അഞ്ജുവിനെയും അനുവിനെയും ചുറ്റിപ്പറ്റിയുള്ള പുതിയ സംഭവ വികാസങ്ങൾ കഥയുടെ കേന്ദ്രമായി മാറാമെന്നും പലരും അഭിപ്രായപ്പെടുന്നു.

ദൃശ്യം 3, Photo: IMDb

ഇതോടൊപ്പം ‘ഈ വട്ടമെങ്കിലും വരുണിനെ ഒരു സീനിലെങ്കിലും കാണിക്കണം, ഇത്രയും കാലം വരുണിനെ വിറ്റ് ജീവിച്ചല്ലോ’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ചിത്രത്തിന്റെ കഥ എന്തായിരിക്കുമെന്നുള്ള കൃത്യമായ സൂചനകൾ ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും, ഓരോ പോസ്റ്ററും ടീസറും ആരാധകർ പല രീതിയിൽ വിശകലനം ചെയ്യുകയാണ്.

മലയാള സിനിമയിലെ ഏറ്റവും ശക്തമായ ത്രില്ലറുകളിൽ ഒന്നായി മാറിയ ദൃശ്യം, മൂന്നാം ഭാഗത്തിലൂടെ വീണ്ടും ചരിത്രം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ജോർജ്കുട്ടി ഇനി എന്ത് നീക്കമാണ് നടത്തുക, കുടുംബത്തെ രക്ഷിക്കാൻ വീണ്ടും എത്ര ദൂരം പോകും, അല്ലെങ്കിൽ സത്യം തുറന്നു പറയുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

Content Highlight: Social media Predicting the climax of drishyam 3

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.