കേരളത്തിലെ തിയേറ്ററുകളിലെല്ലാം വാഴ 2ന്റെ കൊലത്തൂക്കാണ് കാണാന്‍ സാധിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ബോക്‌സ് ഓഫീസിന് തീയിടുന്ന കാഴ്ച സിനിമാപ്രേമികള്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡ് പിന്നിടുമ്പോള്‍ തന്നെ 50 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചു.

പുതുമുഖ സംവിധായകനായ സവിന്‍ സായാണ് ചിത്രം അണിയിച്ചൊരുക്കിയത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ ഹാഷിറും ഗ്യാങ്ങും ആദ്യ ചിത്രത്തിലൂടെ മോളിവുഡില്‍ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. പുതുമുഖങ്ങളായ താരങ്ങള്‍ ബോക്‌സ് ഓഫീസിന് തീയിടുന്ന കാഴ്ച ചിലരെ അത്ഭുതപ്പെടുത്തുന്നുണ്ടെങ്കിലും ഇത് ആദ്യ കാഴ്ചയല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ അഭിപ്രായപ്പെടുന്നത്.

വാഴ 2 Photo: Screen grab/ Think Music India

29 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ആദ്യ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബനെയാണ് പലരും ഓര്‍ത്തെടുക്കുന്നത്. 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് അന്നത്തെ സര്‍പ്രൈസ് ഹിറ്റായി മാറി. ഫാസില്‍ അണിയിച്ചൊരുക്കിയ പ്രണയകാവ്യം എ,ബി,സി ക്ലാസ് തിയേറ്ററുകളില്‍ ഒരുപോലെ ഹിറ്റായി മാറി.

മമ്മൂട്ടിയും മോഹന്‍ലാലും മാത്രം കൈവശം വെച്ചുകൊണ്ടിരുന്ന ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം ഒരു പുതുമുഖ നടന്‍ സ്വന്തമാക്കിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയ ഒന്നുമില്ലാതിരുന്ന കാലത്തായിരുന്നു ചാക്കോച്ചന്‍ ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചതെന്നും പല പോസ്റ്റുകളും അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

അനിയത്തിപ്രാവ് Photo: Screen grab/ Empire Music

29 വര്‍ഷമായിട്ടും ഒരു പുതുമുഖ നടനും പിന്നീട് ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയിട്ടില്ല. ഇപ്പോഴിതാ ഹാഷിറിനും ഗ്യാങ്ങിനും ഈ നേട്ടം സ്വന്തമാക്കാനാകുമോ എന്നാണ് ട്രാക്കര്‍മാര്‍ ഉറ്റുനോക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ 60 കോടിയിലധികം വാഴ 2 സ്വന്തമാക്കിക്കഴിഞ്ഞു. ഇതേ രീതിയാണെങ്കില്‍ ആദ്യവാരം പിന്നിടുമ്പോള്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നാണ് കണക്കുകൂട്ടല്‍.

ലോകഃക്ക് ശേഷം അടുത്ത ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കാന്‍ വാഴ 2ന് സാധ്യതയുണ്ട്. വിഷു റിലീസായെത്തുന്ന പള്ളിച്ചട്ടമ്പി, മോഹിനിയാട്ടം എന്നീ ചിത്രങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും വാഴ 2ന്റെ ഇന്‍ഡസ്ട്രി ഹിറ്റ് സാധ്യതകള്‍ മുന്നോട്ടുപോവുക. മെയ് മാസത്തില്‍ പേട്രിയറ്റ്, ദൃശ്യം 3 എന്നീ ചിത്രങ്ങളും റിലീസിന് തയാറെടുക്കുന്നുണ്ട്.

ഹാഷിര്‍, അലന്‍, വിനായക്, അജിന്‍, ദേവരാജ്, അമീന്‍ എന്നിവര്‍ക്കൊപ്പം സീനിയര്‍ താരങ്ങളായ ബിജുക്കുട്ടന്‍, സുധീഷ്, അല്‍ഫോണ്‍സ് പുത്രന്‍, വിജയ് ബാബു തുടങ്ങിയവരും വാഴ 2ല്‍ അണിനിരക്കുന്നുണ്ട്. വിപിന്‍ ദാസാണ് ചിത്രത്തിന്റെ റൈറ്ററും നിര്‍മാണവും.

Content Highlight: Social media posts about Aniyathipravu movie and Kunchacko Boban after the success of Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ