മോഹിനിയാട്ടം ഒ.ടി.ടി റിലീസിന് പിന്നാലെയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിലെ ഗോവിന്ദരാജ എന്ന സൂരജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തിനെതിരായ പ്രേക്ഷകരുടെ വെറുപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ നിറയുന്നത്.
മോഹിനിയാട്ടം, Photo: IMDb
മലയാള സിനിമയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന തരത്തിൽ ഒന്നാം ഭാഗം പരാജയപ്പെട്ടിട്ടും രണ്ടാം ഭാഗം വൻ വിജയമായി മാറിയ ചിത്രമായാണ് ‘മോഹിനിയാട്ടം’ ശ്രദ്ധ നേടുന്നത്.
ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ എത്തിയ ‘മോഹിനിയാട്ടം’ തിയേറ്ററിലും ഒ.ടി.ടിയിലും മികച്ച പ്രതികരണം സ്വന്തമാക്കുകയാണ്.
ചിത്രത്തിൽ ഭരതൻ നായരുടെ കുടുംബം അബദ്ധത്തിൽ കൊലപ്പെടുത്തുന്ന ഗോവിന്ദരാജയുടെ മൃതദേഹം മറച്ചുവെക്കാൻ ശ്രമിക്കുന്നതോടെയാണ് കഥ മുന്നോട്ട് പോകുന്നത്.
എന്നാൽ ഇത്ര വലിയ ക്രൂരത കുടുംബം ചെയ്തിട്ടും പ്രേക്ഷകർക്ക് അവരുടെ മേൽ ദേഷ്യം തോന്നുന്നില്ലെന്നും, അതേസമയം ഗോവിന്ദരാജയോട് ഒരു സഹതാപവും തോന്നുന്നില്ലെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
മോഹിനിയാട്ടം, Photo: Saiju kurup/ Facebook
അതിന് പ്രധാന കാരണം ഗോവിന്ദരാജയുടെ പെരുമാറ്റമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഭാര്യയോടും നാട്ടുകാരോടും കാണിക്കുന്ന ക്രൂരതയും അഹങ്കാരവുമാണ് കഥാപാത്രത്തെ വെറുപ്പിക്കാൻ കാരണമായത്.
പ്രത്യേകിച്ച്, വളർത്തുനായയ്ക്ക് ഭക്ഷണം ഇല്ലാതായതിന്റെ പേരിൽ ഭാര്യ തയ്യാറാക്കിയ ദോശമാവ് കളഞ്ഞ് ഭാര്യയെ പട്ടിണിക്കിടുന്ന രംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നുണ്ട്.
‘ഈ പട്ടിക്ക് കൊടുക്കുന്ന വിലയെങ്കിലും എനിക്ക് തന്ന് കൂടെ’ എന്ന് ഭാര്യ ചോദിക്കുന്ന രംഗം പ്രേക്ഷകരെ ഏറെ സ്പർശിച്ചുവെന്നാണ് അഭിപ്രായങ്ങൾ.
അതുപോലെ, ജഗതീഷ് അവതരിപ്പിക്കുന്ന കഥാപാത്രം മകളെ കാണാതായ കാര്യം പറഞ്ഞ് പരാതി നൽകുമെന്ന് പറയുമ്പോൾ ഗോവിന്ദരാജ പറയുന്ന ‘നീ എന്റെ രോമത്തിൽ തൊടൂല’ എന്ന ഡയലോഗും കഥാപാത്രത്തിനെതിരായ വെറുപ്പ് വർധിപ്പിച്ചുവെന്നാണ് സോഷ്യൽ മീഡിയ കുറിപ്പുകൾ.
മോഹിനിയാട്ടം, Photo: Saiju kurup/ Facebook
ചുരുക്കം ചില രംഗങ്ങൾ കൊണ്ടുതന്നെ ഗോവിന്ദരാജയ്ക്ക് ശക്തമായ നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാൻ സംവിധായകനായി എന്നതാണ് സിനിമാസ്വാദകരുടെ വിലയിരുത്തൽ. ഭാര്യയുമായുള്ള സീൻ തന്നെയാണ് പ്രധാനമായും ആ കഥാപാത്രത്തെ വെറുക്കാൻ പ്രേക്ഷകരെ തോന്നിപ്പിച്ചതെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നു.
ഡാർക്ക് ഹ്യൂമറിൽ ഒരുക്കിയ മോഹിനിയാട്ടം ഇപ്പോൾ കുടുംബപ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. സൈജു കുറുപ്പ്, സൂരജ് വെഞ്ഞാറമൂട് എന്നിവർക്കൊപ്പം കലാരഞ്ജിനി, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Content Highlight: Social media is discussing Suraj’s character in the movie Mohiniyattam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.