'ഇത്തവണയെങ്കിലും മകനെ നഷ്ടപ്പെട്ട ഗീത പ്രഭാകറിന് നീതി ലഭിക്കണേ....' ചർച്ചയാക്കി സോഷ്യൽ മീഡിയ
Malayalam Cinema
'ഇത്തവണയെങ്കിലും മകനെ നഷ്ടപ്പെട്ട ഗീത പ്രഭാകറിന് നീതി ലഭിക്കണേ....' ചർച്ചയാക്കി സോഷ്യൽ മീഡിയ
നന്ദന എം.സി
Thursday, 21st May 2026, 8:34 am

ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. ജോർജ്‌കുട്ടിയും കുടുംബവും ഇനി എന്ത് ചെയ്യും, കഥ ഏത് ദിശയിലേക്ക് നീങ്ങും എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമ പ്രേമികൾ.

ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയമായി മാറിയ സാഹചര്യത്തിൽ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്ന ചർച്ചകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

മോഹൻലാൽ അവതരിപ്പിച്ച ജോർജ്‌കുട്ടി എന്ന കഥാപാത്രം തന്റെ കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഒരാളായി പ്രേക്ഷകർക്ക് മുന്നിലെത്തി.

ദൃശ്യം, Photo: IMDb

മകൾ ചെയ്ത കൊലയും ശേഷം വരുൺ പ്രഭാകറിന്റെ മൃതദേഹം മറച്ചുവെച്ച് എല്ലാ തെളിവുകളും ഇല്ലാതാക്കാൻ ശ്രമിച്ച ജോർജ്‌കുട്ടിയുടെ ബുദ്ധിയും നീക്കങ്ങളും സിനിമയിൽ വലിയ കൈയടി നേടിയിരുന്നു.

എന്നാൽ ഇതിന്റെ മറുവശത്ത് സ്വന്തം മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദനയും സിനിമ ശക്തമായി പറഞ്ഞിരുന്നു.

ചിത്രത്തിൽ ഗീത പ്രഭാകറായി എത്തിയ ആശ ശരത് നടത്തിയ പ്രകടനം ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യുന്നതാണ്. തന്റെ മകനെ നഷ്ടപ്പെട്ട അമ്മയുടെ മാനസിക വേദനയും നീതിക്കായുള്ള പോരാട്ടവും അതിശക്തമായി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഗീത പ്രഭാകർ.

അതുകൊണ്ടുതന്നെ ദൃശ്യം മൂന്നാം ഭാഗത്തിൽ ഗീത പ്രഭാകറിന് നീതി ലഭിക്കണമെന്നാണ് ഇപ്പോൾ ഒരു വിഭാഗം ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്.

ദൃശ്യം, Photo: IMDb

‘എത്ര ബുദ്ധിമാനായാലും സ്വന്തം മകനെ ഇല്ലാതാക്കിയ കുടുംബം ഒരിക്കൽ എങ്കിലും നിയമത്തിന് മുന്നിൽ എത്തണം’ എന്നാണ് ചിലരുടെ അഭിപ്രായം.

വർഷങ്ങളായി മകന്റെ നീതിക്കായി പൊരുതുന്ന ഒരു അമ്മയുടെ വേദനയാണ് ദൃശ്യം കാണിക്കുന്നതെന്നും ഇത്തവണ ഗീത പ്രഭാകറിന്റെ ഭാഗത്തേക്ക് കഥ മാറണമെന്നും അവർ ആവശ്യപ്പെടുന്നു. സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളിലും ഫാൻ പേജുകളിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ശക്തമാണ്.

അതേസമയം മറ്റൊരു വിഭാഗം ആരാധകർ ജോർജ്‌കുട്ടിക്കും കുടുംബത്തിനും അവർ അർഹിക്കുന്ന ശിക്ഷ ഇതിനോടകം തന്നെ ലഭിച്ചുവെന്നാണ് പറയുന്നത്.

ഓരോ ദിവസവും ഭയത്തോടെയും മാനസിക സമർദത്തോടെയും ജീവിക്കുന്നതാണ് അവരുടെ യഥാർത്ഥ ശിക്ഷയെന്നാണ് ഇവരുടെ അഭിപ്രായം.

കുടുംബത്തെ രക്ഷിക്കാൻ നടത്തിയ ഒരു തെറ്റ് ജീവിതം മുഴുവൻ അവരെ പിന്തുടരുന്നുവെന്നും അതാണ് ദൃശ്യത്തിന്റെ യഥാർത്ഥ വികാരമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ദൃശ്യം, Photo; YouTube/ Screengrab

എന്തായാലും ദൃശ്യം 3 ഇന്നെത്തുമ്പോൾ ജോർജ്‌കുട്ടിയാണോ വിജയിക്കുക, അതോ ഗീത പ്രഭാകറിന് നീതി ലഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമ ലോകവും ആരാധകരും.

ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, ആശ ശരത് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കുടുംബ ബന്ധങ്ങളും സസ്‌പെൻസും നിറഞ്ഞ ദൃശ്യം പരമ്പരയുടെ പുതിയ അധ്യായം എന്താകുമെന്ന കാത്തിരിപ്പിലാണ് സിനിമാലോകം.

Content Highlight: Social media discusses the character of Geetha Prabhakar in Drishyam

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.