മീടു വിവാദം; എം.ജെ അക്ബര്‍ മറുപടി പറയണമെന്ന് സ്മൃതി ഇറാനി
me too
മീടു വിവാദം; എം.ജെ അക്ബര്‍ മറുപടി പറയണമെന്ന് സ്മൃതി ഇറാനി
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 7:42 pm

ന്യൂ ദല്‍ഹി: മീടു വിവാദത്തില്‍ മന്ത്രി എം.ജെ അക്ബര്‍ മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അതേസമയം അക്ബര്‍ മന്ത്രിസ്ഥാനമൊഴിയണമോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ ഇറാനി ഒഴിഞ്ഞുമാറി.

സംഭവത്തില്‍ ഉള്‍പ്പെട്ട ആള്‍ ഇതേകുറിച്ച് പ്രതികരിക്കട്ടെ. മാധ്യമങ്ങള്‍ അയാളുടെ സഹപ്രവര്‍ത്തകരുടെ അഭിപ്രായം അറിയാന്‍ സമീപിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ ഇടപെട്ടിട്ടില്ല അത് കൊണ്ട് തനിക്കൊന്നും പറയാന്‍ കഴിയില്ല – സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകള്‍ ഒരിക്കലും അപമാനിക്കപ്പെടരുത് എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളത് .സ്ത്രീകള്‍ക്ക് അനുഭവങ്ങള്‍ തുറന്ന് പറയുക എന്നത് അത്ര എളുപ്പമാവില്ല. ജോലി ചെയ്ത് ജീവിക്കാനാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്. നീതി നടപ്പാക്കാനുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു.

Also Read:  മുസ്‌ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹിന്ദുമഹാസഭയുടെ ഹരജി ഹൈക്കോടതി തള്ളി

സംഭവത്തില്‍ അന്വേഷണം വേണമെന്നും സ്ത്രീകള്‍ തുറന്ന് പറയാന്‍ തയ്യാറായ അവസരത്തില്‍ അവരെ ഗൗരവമായി കാണണമെന്നും മേനക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. സ്മൃതി ഇറാനിയെ കൂടാതെ മേനകാ ഗാന്ധി മാത്രമാണ് മന്ത്രിമാരില്‍ മീ ടു വിനെ പിന്തുണച്ച് സംസാരിച്ചത്.

ഇന്ത്യയില്‍ വ്യാപകമാകുന്ന മീ ടു ക്യാംപയിന്റെ ഭാഗമായി പത്രപ്രവര്‍ത്തക പ്രിയ രമണിയാണ് എം.ജെ അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. പിന്നാലെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തുകയായിരുന്നു.