ഹൈദരാബാദ്: ഇന്നലെയുടെ പ്രൗഢിയും നാളെയുടെ സ്വപ്നവും
DISCOURSE
ഹൈദരാബാദ്: ഇന്നലെയുടെ പ്രൗഢിയും നാളെയുടെ സ്വപ്നവും
സ്മിത സി
Saturday, 1st August 2026, 5:53 pm
ഹൈദരാബാദിനെ അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും മികച്ചൊരു വഴികാട്ടിയാണ് ഈ പുസ്തകം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, പ്രണയത്തില്‍ പടുത്തുയര്‍ത്തപ്പെട്ട ഈ നഗരത്തോട് വായനക്കാരനും അറിയാതെ പ്രണയം തോന്നിപ്പോകും | മുജീബ് റഹ്‌മാന്‍ കിനാലൂരിന്റെ ഹൈദരാബാദ്: ഒരു പ്രണയ നഗരം എന്ന പുസ്തകത്തെ കുറിച്ച് സ്മിത സി എഴുതുന്നു

 

യാത്രയുടെ യഥാര്‍ത്ഥ സൗന്ദര്യം കുടികൊള്ളുന്നത് സഞ്ചാരിയുടെ മനസിന്റെ പാകതയിലാണ്. ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് തികച്ചും പുതിയൊരു ജീവിതമാണ്; കണ്ണും കാതും മനസ്സും തുറന്നുവെച്ച്, ആഴത്തില്‍ അറിഞ്ഞും അനുഭവിച്ചും നടത്തുന്ന യാത്രകളില്‍ മാത്രമേ ചുറ്റുമുള്ള മനുഷ്യരെയും അനുഭവങ്ങളെയും ചേര്‍ത്തുപിടിക്കാന്‍ നമുക്ക് സാധിക്കൂ.

പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മുജീബ് റഹ്‌മാന്‍ കിനാലൂരിന്റെ ‘ഹൈദരാബാദ്: ഒരു പ്രണയ നഗരം’ എന്ന യാത്രാവിവരണം വായിച്ചുതീര്‍ക്കുമ്പോള്‍ വായനക്കാരനുണ്ടാകുന്ന അനുഭവവും മറ്റൊന്നല്ല.

പുസ്തകത്തിന്റെ പുറം കവര്‍

ഹൈദരാബാദിന്റെ പ്രണയത്തിലേക്കും തെരുവുകളിലേക്കും രാജകൊട്ടാരങ്ങളിലേക്കും ചരിത്രത്തിന്റെ ഉള്‍ത്തളങ്ങളിലേക്കും അദ്ദേഹം നമ്മെ കൈപിടിച്ചു നടത്തുകയാണ്. മുന്‍കൂട്ടി വരച്ച ഭൂപടങ്ങളോ, കൃത്യമായി തയ്യാറാക്കിയ സമയപ്പട്ടികകളോ ഇല്ലാതെ അലഞ്ഞുതിരിയുന്ന ഒരു സഞ്ചാരിക്കേ നഗരങ്ങളുടെ യഥാര്‍ത്ഥ ആത്മാവിനെ കണ്ടെടുക്കാനാകൂ എന്ന സത്യം ഈ പുസ്തകം അടിവരയിടുന്നു.

മുജീബ്‌ റഹ്‌മാൻ കിനാലൂർ

ആര്‍ഭാടപൂര്‍ണമായ പഞ്ചനക്ഷത്ര ഹോട്ടലുകളിലൂടെയും വിപണിയുടെ വിലപേശലുകളിലൂടെയും കടന്നുപോകുന്ന സ്ഥിരം യാത്രാ പാക്കേജുകളില്‍ ഒരിക്കലും ഒരു നഗരത്തിന്റെ ഹൃദയമിടിപ്പ് തൊട്ടറിയാനോ, അവിടുത്തെ സാധാരണക്കാരായ മനുഷ്യരെ മനസ്സിലാക്കാനോ കഴിയില്ല.

അതിരുകളില്ലാത്ത ഈ സഞ്ചാരരീതിയിലൂടെയാണ് ഹൈദരാബാദിന്റെ വൈവിധ്യമാര്‍ന്ന രുചിഭേദങ്ങള്‍ എഴുത്തുകാരന്‍ അനുഭവിച്ചറിയുന്നത്. ആ രുചിയുടെ ലോകത്തിലേക്ക് വായനക്കാരന്റെ നാവിലെ രസമുകുളങ്ങളെക്കൂടി അദ്ദേഹം കൂട്ടിക്കൊണ്ടുപോകുന്നു.

മുമ്പ് ഹൈദരാബാദ് സന്ദര്‍ശിക്കാന്‍ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് ഒരു ഗൈഡിനൊപ്പം സഞ്ചരിച്ചപ്പോള്‍ വെറുതെ കേട്ടുപോയ വിവരങ്ങള്‍ക്കപ്പുറം, ഈ നഗരത്തിന്റെ അകവും പുറവും വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചത് ഈ കൃതി വായിച്ചപ്പോഴാണ്.

വജ്രം പേപ്പര്‍വെയ്റ്റാക്കി മാറ്റിയ നിസാമുമാരുടെ കഥകള്‍, സോമാലിയയുടെ ഓര്‍മകള്‍, പ്രകൃതിയും കലയും ഒന്നിക്കുന്ന ശില്‍പ്പാരാമം, വളര്‍ന്നുവരുന്ന സൈബറാബാദ്… ഇവയെയെല്ലാം അത്രമേല്‍ അടുത്തുവെച്ച് നോക്കിക്കാണാന്‍ ഈ പുസ്തകം വഴി തെളിച്ചു.

യന്ത്രയുഗം എന്ന് നാം അഹങ്കരിക്കുന്ന ഈ ആധുനികകാലത്ത് പോലും അത്ഭുതപ്പെടുത്തുന്ന കൊത്തുപണികള്‍, ശില്‍പ്പങ്ങള്‍, പുരാതന ശവകുടീരങ്ങള്‍, മോര്‍ച്ചറി ബാത്ത്, സയന്‍സ് സെന്റര്‍, മറ്റ് മാര്‍ബിള്‍ സൗധങ്ങള്‍ എന്നിവയെല്ലാം അതിശയിപ്പിക്കുന്ന വ്യക്തതയോടെയാണ് നമ്മുടെ മനസ്സിനു മുന്നിലേക്ക് ഗ്രന്ഥകാരന്‍ കൊണ്ടുവരുന്നത്.

Photo: Wikipedia

ഓരോ താള്‍ മറിക്കുമ്പോഴും ചരിത്രത്തിന്റെ സങ്കീര്‍ണ്ണമായ താളുകളിലൂടെ നാം കയറിയിറങ്ങുന്നതായി അനുഭവപ്പെടും.

ലേഖകന്‍ സഞ്ചരിച്ച പല വഴികളിലൂടെയും ഒരുപക്ഷേ നമ്മളില്‍ പലരും കടന്നുപോയിട്ടുണ്ടാകാം. എന്നാല്‍ അദ്ദേഹം കേട്ട ഹൈദരാബാദിന്റെ സംഗീതവും, ചരിത്രത്തിന്റെ വേഗവും, തെരുവ് രുചികളുടെ ഉറവയും ആഴത്തില്‍ അനുഭവിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. അതിലേക്ക് വായനക്കാരെ കൂട്ടിയിണക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ വിജയം.

ലളിതവും എന്നാല്‍ അതീവ വശ്യവുമായ ഭാഷ, നഗരത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിവരണം, മനോഹരമായ ദൃശ്യാനുഭവങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ കൃതി.

ഹൈദരാബാദിനെ അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും മികച്ചൊരു വഴികാട്ടിയാണ് ഈ പുസ്തകം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, പ്രണയത്തില്‍ പടുത്തുയര്‍ത്തപ്പെട്ട ഈ നഗരത്തോട് വായനക്കാരനും അറിയാതെ പ്രണയം തോന്നിപ്പോകും പുസ്തകം വായിച്ച് തീരുമ്പോള്‍.

 

Content Highlight: Smitha C writes about Mujeeb Rahman Kinaloor’s book, Hyderabad: Oru Pranaya Nagaram

സ്മിത സി
അധ്യാപിക