നാണംകുണുങ്ങിയായിരുന്ന സൂര്യയെ ജ്യോതികക്ക് പരിചയപ്പെടുത്തി കൊടുത്തത് ആ നടി, അവരുടെ പ്രണയത്തിന് ഞാന്‍ ആദ്യം സമ്മതിച്ചില്ല: ശിവകുമാര്‍
Indian Cinema
നാണംകുണുങ്ങിയായിരുന്ന സൂര്യയെ ജ്യോതികക്ക് പരിചയപ്പെടുത്തി കൊടുത്തത് ആ നടി, അവരുടെ പ്രണയത്തിന് ഞാന്‍ ആദ്യം സമ്മതിച്ചില്ല: ശിവകുമാര്‍
അമര്‍നാഥ് എം.
Friday, 13th February 2026, 9:13 pm

തമിഴിലെ മികച്ച നടന്മാരിലൊരാളാണ് സൂര്യ. താരകുടുംബത്തില്‍ നിന്നാണ് വന്നതെങ്കിലും കരിയറിന്റെ തുടക്കത്തില്‍ അഭിനയിക്കാനറിയില്ലെന്ന വിമര്‍ശനം സൂര്യക്ക് നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെതിരെ പോരാടിക്കൊണ്ട് മികച്ച നടനെന്ന പേര് സൂര്യ സ്വന്തമാക്കി. അഭിനയവും സ്റ്റാര്‍ഡവും ഒരുപോലെ കൊണ്ടുപോകുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് സൂര്യ.

സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ ജ്യോതികയാണ് സൂര്യയുടെ ജീവിതപങ്കാളി. ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍, ഓഫ് സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. കാക്ക കാക്ക എന്ന ചിത്രത്തില്‍ ആരംഭിച്ച പ്രണയമായിരുന്നു ഇരുവരുടെയും. സില്ലുന് ഒരു കാതല്‍ എന്ന ചിത്രത്തിന് ശേഷമാണ് സൂര്യയുടെയും ജ്യോതികയുടെയും വിവാഹം നടന്നത്. ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് സൂര്യയുടെ അച്ഛനും പഴയകാല നടനുമായ ശിവകുമാര്‍.

ശിവകുമാര്‍ Photo: Screen grab/ Galatta Tamil

സിനിമയില്‍ എത്തിയ സമയത്തെല്ലാം സൂര്യ വളരെ നാണംകുണുങ്ങിയായിരുന്നെന്ന് ശിവകുമാര്‍ പറഞ്ഞു. പൂവെല്ലാം കേട്ടുപ്പാര്‍ എന്ന സിനിമ മുതല്‍ക്കാണ് ഇരുവരും ഒന്നിച്ചഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉയിരിലേ കലന്തത് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും ശിവകുമാര്‍ പറയുന്നു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സിനിമയുടെ സെറ്റില്‍ രാധികയും ഉണ്ടായിരുന്നു. സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന സൂര്യയുടെയടുത്ത് ജ്യോതികയോട് സംസാരിക്കാന്‍ ആദ്യം പറഞ്ഞയാള്‍ രാധികയായിരുന്നു. അവളാണ് എല്ലാത്തിനും കാരണം. പിന്നീട് അവര്‍ തമ്മില്‍ പരിചയത്തിലായി അത് പ്രേമത്തിലും കല്യാണത്തിലും വരെയെത്തിയത് എല്ലാവര്‍ക്കും അറിയാമല്ലോ.

വീട്ടില്‍ സൂര്യ ഇക്കാര്യം അറിഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ല എന്നായിരുന്നു പറഞ്ഞത്. എനിക്ക് ആദ്യം അവരുടെ റിലേഷനോട് സമ്മതമല്ലായിരുന്നു. പക്ഷേ സൂര്യ ‘ഇവളെ മാത്രമേ ഞാന്‍ കല്യാണം കഴിക്കുള്ളൂ’ എന്നായിരുന്നു എന്നോട് പറഞ്ഞത്. ഞാന്‍ കരിയറില്‍ ചെയ്ത പല സിനിമകളും ലവ് സ്റ്റോറിയായിരുന്നു. അതുകൊണ്ട് അവസാനം ഞാന്‍ അവരുടെ വിവാഹത്തിന് സമ്മതിച്ചു,’ ശിവകുമാര്‍ പറയുന്നു.

നായികമാരുമായി കെമിസ്ട്രിയുടെ കാര്യത്തില്‍ സൂര്യ എപ്പോഴും അകലം പാലിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഒരുപാട് നായികമാരുമായി ക്ലോസായി അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ സൂര്യ അക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു. നടനെന്ന നിലയില്‍ സ്വന്തമായി പല നിലപാടുകള്‍ സൂര്യ കാത്തുസൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

Content Highlight: Sivakumar shares the stories of Suriya and Jyothika

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം