മലയാള സംഗീത ലോകത്ത് തന്റെ വേറിട്ട ശബ്ദം കൊണ്ടും വ്യത്യസ്തമായ സംഗീത ശൈലി കൊണ്ടും ശ്രദ്ധേയയായ പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും സംഗീത സംവിധായികയുമാണ് സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോയിലൂടെയും തമാശ നിറഞ്ഞ സംസാരം കൊണ്ടും പ്രേക്ഷകരുടെ പ്രിയഗായികയാണ് സിത്താര.
ഇപ്പോൾ താൻ വലിയ ഒരു മമ്മൂക്ക ആരാധികയാണ് തുറന്നു പറയുകയാണ് സിത്താര. സിത്താരയുടെ ആര്ട്ട് കഫേ ആയ ഇടം എന്ന കഫെയിൽ മമൂക്ക എത്തിയ അനുഭവവും സിത്താര പങ്കുവെച്ചു. ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘ഞാൻ ഒരു വലിയ മമ്മൂക്ക ഫാനാണ്; ഒപ്പം ലാലേട്ടനെയും എനിക്ക് വളരെ ഇഷ്ടമാണ്. ഒരു ആർട്ട് ലവർ എന്ന നിലയിൽ മോഹൻലാൽ സിനിമകൾ ഞാൻ അത്ഭുതത്തോടെയാണ് കണ്ടിരിക്കാറുള്ളത്.
എന്നാൽ ഇവർ രണ്ടുപേരുടെയും സിനിമകളെ ഞാൻ സമീപിക്കുന്നത് രണ്ടു രീതിയിലാണ്. ഉദാഹരണത്തിന്, ലാലേട്ടന്റെ ഒരു സിനിമയ്ക്ക് പോകുമ്പോൾ ‘അത് എനിക്ക് ഇഷ്ടപ്പെടണേ, നല്ലൊരു സിനിമയും ലാലേട്ടന്റെ മികച്ച പെർഫോമൻസും ഉള്ളതാവണേ’ എന്നാണ് ഞാൻ ആഗ്രഹിക്കാറുള്ളത്. എന്നാൽ മമ്മൂക്കയുടെ സിനിമയാകുമ്പോൾ ‘ഇത് ബാക്കിയെല്ലാവർക്കും കൂടെ ഇഷ്ടപ്പെടണേ’ എന്നാണ് ഞാൻ പ്രാർത്ഥിക്കാറുള്ളത്. കാരണം, എനിക്ക് എന്തായാലും ആ സിനിമ ഇഷ്ടപ്പെടും എന്ന് ഉറപ്പാണ്! അതുകൊണ്ട് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്നറിയാൻ ഞാൻ ചുറ്റും നോക്കിക്കൊണ്ടിരിക്കും.
പണ്ട് ഞങ്ങളുടെ ഇടത്തിൽ മമ്മൂക്ക വന്ന അനുഭവം വളരെ രസകരമായ ഒന്നായിരുന്നു. അന്ന് ഞങ്ങളുടെ വീട്ടിൽ ജോലിക്ക് ഒരു പുതിയ സ്റ്റാഫ് പയ്യൻ വന്ന ദിവസമാണ്. അവനെ പറ്റിക്കാൻ വേണ്ടി ബാക്കിയുള്ളവർ ‘മമ്മൂക്ക ഇവിടെയുണ്ട്, ഇപ്പോൾ ഇങ്ങോട്ട് വരും’ എന്നൊക്കെ വെറുതെ തമാശയ്ക്ക് പറഞ്ഞു. എന്നാൽ അന്ന് രാത്രി അവിചാരിതമായി മമ്മൂക്ക ശരിക്കും അവിടെ വന്നു.
അന്ന് അവിടെ ഒരു സ്വിങ് ടേബിൾ ഉണ്ടായിരുന്നു. മമ്മൂക്ക അവിടെ കസേരയിൽ ഇരിക്കുന്നത് കാണാൻ ഒരു വിളക്ക് കൊളുത്തി വച്ചിരിക്കുന്നത് പോലെ ഉണ്ടായിരുന്നു. കയ്യിലൊരു കട്ടൻചായയും പിടിച്ച് വളരെ റോയൽ ആയിട്ടാണ് അദ്ദേഹം ഇരുന്നത്. ഇത് കണ്ടതും അവൻ കഴുകിക്കൊണ്ടിരുന്ന പാത്രങ്ങൾ അവിടെയിട്ട് ഓടിവന്ന് ഷോക്കായി മമ്മൂക്കയുടെ മുന്നിൽ നിൽക്കുന്നതാണ് ഞാൻ കണ്ടത്,’സിത്താര ഓർത്തെടുത്തു.
Content Highlight: Sithara Krishnakumar says she is a bigfan of mammootty