ബോഡി ഷെയ്മിങ്ങിന് ഇരയായതിനെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് ഗായിക ജ്യോത്സന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ജ്യോത്സന ഇതേക്കുറിച്ച് സംസാരിച്ചത്. ഇപ്പോള്‍ തടിയുടെ പേരില്‍ താന്‍ നേരിടേണ്ടി വന്ന കൂടുതല്‍ ദുരനുഭവങ്ങള്‍ പറയുകയാണ് ജ്യോത്സന.
പണ്ട് പ്രോഗ്രാമിനു പോകുമ്പോള്‍ പാട്ടിനേക്കാള്‍ തന്റെ അമിതവണ്ണത്തെ കുറിച്ചായിരിക്കും പലര്‍ക്കും പറയാനുണ്ടായിരുന്നതെന്ന് ജ്യോത്സന പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘നല്ല പൊക്കമുള്ളയാളാണു ഞാന്‍. വണ്ണം കൂടി വന്നപ്പോഴാണു ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്നത്. തടിച്ചി, ആന പോലുണ്ടല്ലോ എന്നിങ്ങനെയുള്ള പലതും ആ സമയത്തു കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രോഗ്രാമിനു സ്റ്റേജില്‍ കയറുമ്പോള്‍ പലരും ഇത്തരത്തില്‍ കമന്റ് ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനടിയില്‍ വന്നു കമന്റ് ചെയ്യും.
25 വയസ്സൊക്കെയുള്ള സമയത്താണ് എനിക്കു വണ്ണം കൂടുന്നത്. പ്രോഗ്രാമിനു പോകുമ്പോള്‍ പാട്ടിനെക്കുറിച്ചായിരിക്കില്ല, എന്റെ അമിതവണ്ണത്തെ കുറിച്ചായിരിക്കും പലര്‍ക്കും പറയാനുണ്ടാകുന്നത്.
ചെറിയ പ്രായത്തില്‍ അതു നമ്മുടെ മനസ്സിനെ വല്ലാതെ ബാധിക്കും. കേള്‍ക്കുന്നവരെ ഇതെങ്ങനെ ബാധിക്കും എന്നു ചിന്തിക്കാതെയാണു പലരുടെയും സംസാരം. ധാരാളം പ്രോഗ്രാംസ് ഉണ്ടായിരുന്ന സമയമായതിനാല്‍ ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനുമൊക്കെ കൃത്യത ഇല്ലാതെ വന്നതോടെയാണ് അമിതവണ്ണമുണ്ടാകുന്നത്,’ ജ്യോത്സന പറയുന്നു. ബോഡി ഷെയിമിംഗ് ആത്മാഭിമാനത്തെ പോലും ബാധിക്കുമെന്നും തന്റെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് ജ്യോത്സന പറയുന്നു.
Content Highlight: Singer Jyotsana shares her experience about body shaming
