സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരദമ്പതികളാണ് അരുണ്‍ ഗോപനും നിമ്മിയും. റിയാലിറ്റി ഷോയിലൂടെ നേരത്തെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ ആളായിരുന്നു അരുണ്‍. വീഡിയോ ജോക്കിയായി തിളങ്ങിയ വ്യക്തിയായിരുന്നു നിമ്മി. ഇരുവരും തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ താടിയും മീശയുമൊന്നുമില്ലായിരുന്നല്ലോ ഇപ്പോള്‍ ഇങ്ങനെയൊരു മാറ്റം വരുത്താനുള്ള കാരണമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് അരുണ്‍.

അന്ന് താന്‍ വളരെ ചെറിയ കുട്ടിയായിരുന്നു എന്നും എന്നാല്‍ കല്യാണത്തിന് ശേഷം പക്വത തോന്നിക്കാന്‍ വേണ്ടിയാണ് താടിയൊക്കെ വളര്‍ത്തിയതെന്നും അരുണ്‍ പറഞ്ഞു. തങ്ങളുടെ രൂപം കണ്ടിട്ട് കല്യാണം കഴിഞ്ഞുവെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും മൈല്‍സ്‌റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ശരിക്കും പറഞ്ഞാല്‍ പക്വത തോന്നിക്കാന്‍ വേണ്ടിയാണ് താടിയും മീശയുമൊക്കെ വെച്ച് തുടങ്ങിയത്. പിന്നെ ഇതങ്ങോട്ട് കിടക്കട്ടെയെന്ന് തോന്നി. പിന്നെ കല്യാണം കഴിഞ്ഞ സമയത്തൊന്നും പലര്‍ക്കും ഞങ്ങളെ കണ്ടാല്‍ കല്യാണം കഴിഞ്ഞതായി തോന്നിയിരുന്നില്ല. എല്ലാവരും ചോദിക്കും കല്യാണം കഴിഞ്ഞോ എന്ന്. കണ്ടാല്‍ ഒരു ലുക്കൊക്കെ വേണ്ടേ. ആ സമയത്തെ ഫോട്ടോയൊക്കെ കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാകും.

കണ്ടാല്‍ വളരെ കുഞ്ഞി പിള്ളേരായിട്ട് തോന്നും. അതിന് വേണ്ടിയിട്ടാണ് താടിയൊക്കെ വെച്ചത്. കാണുമ്പോള്‍ ഒരു പേടിയൊക്കെ തോന്നണ്ടേ. പ്രത്യേകിച്ച് ഒരു കൊച്ച് സുന്ദരിയെ കൂടെകൊണ്ട് നടക്കുമ്പോള്‍. ഐഡിയ സ്റ്റാര്‍ സിങ്ങറൊക്കെ ചെയ്യുന്ന സമയത്ത് ഞാന്‍ ചെറിയകുട്ടിയായിരുന്നല്ലോ. പക്ഷെ അന്ന് പൊടി മീശയൊക്കെ ഉണ്ടായിരുന്നു. പക്ഷെ കുറച്ച് കഴിയുമ്പോള്‍ ഞാന്‍ ഷേവ് ചെയ്ത് കളയുമായിരുന്നു.

താടി നന്നായി വളരുമ്പോഴാണല്ലോ അതിന്റെ സുഖം മനസിലാകുന്നത്. ഇപ്പോഴും ആള്‍ക്കാര്‍ എന്നെ കാണുമ്പോള്‍ ചോദിക്കാറുണ്ട് ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പാടിയ ആളല്ലേയെന്ന്. പരിപാടി കഴിഞ്ഞിട്ട് ഇപ്പോള്‍ 15 വര്‍ഷമായി. നമ്മുടെ കോലമൊക്കെ ഇത്രയും മാറിയിട്ടും അതേ പരിപാടിയുടെ പേരിലാണ് ആളുകള്‍ നമ്മളെ തിരിച്ചറിയുന്നത്. ആളുകളുടെ മനസില്‍ അത്രയും ആഴത്തില്‍ നമ്മള്‍ കയറിയതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്,’ അരുണ്‍ ഗോപന്‍ പറഞ്ഞു.

content highlight: singer arun gopan about his new look