തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന്റെ പിറ്റേദിവസം മുതൽ സമരം തുടങ്ങിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

വി.ഡി. സതീശനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സമരം തുടങ്ങിയത് എന്ത് ന്യായമാണെന്നും ആറുമാസത്തെ ഹണിമൂൺ പിരീഡെങ്കിലും ഗവൺമെന്റിന് തരേണ്ടതായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

വിദ്യാർത്ഥി സമരങ്ങളും പൊലീസ് നടപടികളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി. ജോയ് എം.എൽ.എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ഒരു ഗവൺമെന്റ് വന്ന് ഒരാഴ്ച തികയുന്നതിന് മുമ്പ് ഇത്തരത്തിൽ സമരവുമായി രംഗത്തിറങ്ങുമോയെന്ന് ചോദിച്ച ആഭ്യന്തര മന്ത്രി, പിറ്റേദിവസം തന്നെ സമരം തുടങ്ങിയതിന്റെ കാരണം കേരളത്തിന് അറിയാമെന്നും പറഞ്ഞു.

വ്യക്തമായ ഡിമാൻഡുകളില്ലാതെയാണ് എസ്.എഫ്.ഐ ക്യാമ്പസുകളിൽ സമരം നടത്തുന്നത്. പനിയായി ആശുപത്രിയിൽ കിടക്കുമ്പോഴും വി. ശിവൻകുട്ടിക്കൊപ്പം വിദ്യാർത്ഥി നേതാക്കൾ തന്നെ കാണാൻ വന്നപ്പോൾ സംസാരിച്ചിരുന്നു. രണ്ട് പൊലീസുകാർക്കെതിരെയുള്ള നടപടി ആവശ്യപ്പെടുന്നതല്ലാതെ എന്താണ് സമരത്തിന്റെ പ്രധാന ഡിമാൻഡെന്ന് വ്യക്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളുടെ തലയ്ക്കടിക്കരുതെന്നും അനാവശ്യമായി ലാത്തിച്ചാർജ് നടത്തരുതെന്നും നിർബന്ധമുള്ളയാളാണ് താനെന്നും വിദ്യാർത്ഥി നേതാവായി വന്ന തനിക്ക് അക്കാര്യങ്ങൾ അറിയാമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ വ്യക്തമായ കാരണമില്ലാതെ കുട്ടികളെ ദിവസവും തെരുവിൽ ഇറക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ചിന്തിക്കണം. ന്യായമായ ആവശ്യങ്ങളുണ്ടെങ്കിൽ ഗവൺമെന്റ് പരിശോധിക്കും. അതേസമയം, ആലപ്പുഴയിൽ എസ്.ഐയെ പരസ്യമായി ചെവിക്കല്ല് അടിക്കുകയും സൗത്ത് പോലീസ് സ്റ്റേഷൻ വളയുകയും ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലയെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് ഒരു പൊലീസുകാരൻ മദ്യപിച്ചെത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാരുടെ തെറ്റായ നടപടികളെ ഗവൺമെന്റ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. പൊലീസുകാർ ഫേസ്ബുക്കിലൂടെ ആക്ഷേപിക്കുന്നതും വെല്ലുവിളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം അച്ചടക്കമില്ലായ്മ പൊലീസിന്റെ രീതിയല്ല. എന്ത് പ്രകോപനമുണ്ടായാലും ഉദ്യോഗസ്ഥർ തിരിച്ച് പ്രതികരിക്കാൻ പാടില്ല. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പൊലീസുകാരുടെ തലയടിച്ചു പൊട്ടിക്കുകയോ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന രീതി ശരിയല്ല. അടൂരിൽ ഒരു കടയിൽ നിന്ന ശാന്തകുമാർ എം.എൽ.എയുടെ പി.എയെ യൂത്ത് കോൺഗ്രസുകാരെന്ന പേരിൽ മർദ്ദിക്കുകയുണ്ടായി. ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന സമരത്തിൽ അടൂരിൽ എം.എൽ.എയുടെ പി.എയ്ക്ക് അടി വാങ്ങേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

സുപ്രീം കോടതി ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച ചരിത്രമാണ് സർക്കാരിനുള്ളത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന് എല്ലാ ജനാധിപത്യ പാർട്ടികളുടെയും പിന്തുണയുണ്ട്. സി.പി.ഐ.എമ്മും എസ്.എഫ്.ഐയുമെല്ലാം ആ സമരത്തിലുണ്ട്. എന്നാൽ കേരളത്തിൽ ഗവൺമെന്റിനോടുള്ള രാഷ്ട്രീയ വിരോധം തീർക്കാൻ പൊലീസിനെ പ്രകോപിപ്പിച്ച് അടിയുണ്ടാക്കി ആ ദേശീയ പ്രക്ഷോഭത്തിന്റെ അന്തസ്സ് തകർക്കരുതെന്ന് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു. ആഭ്യന്തര മന്ത്രിയുടെ മറുപടിയെത്തുടർന്ന് വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

Content Highlight:Shouldn’t there be at least a honeymoon period? The protest is aimed at settling political scores”: Ramesh Chennithala’s reply to V. Joy.