അയര്‍ലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിത്. ക്രീസിലുള്ളത് രണ്ട് റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും 15* റണ്‍സ് നേടിയ ശിവം ദുബെയുമാണ്. മത്സരം പുരോഗമിക്കുമ്പോള്‍ 15 റണ്‍സ് മാത്രമാണ് ദുബെയുടെ ബാറ്റില്‍ നിന്ന് പിറന്നതെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. തന്റെ ടി-20 കരിയറിലെ 49ാം ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നേട്ടം കൈപ്പിടിയിലാക്കിയത്. ഇന്ത്യന്‍ ചരിത്രത്തില്‍ ഈ മൈല്‍ സ്റ്റോണില്‍ എത്തുന്ന 16ാമത്തെ താരമാണ് ദുബെ. മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ (ടെസ്റ്റ്, ഏകദിനം) ശുഭ്മന്‍ ഗില്ലിനെ വരെ പിന്നിലാക്കിയാണ് ദുബെ ഈ നേട്ടത്തിലെത്തിയത്. 36 മത്സരത്തില്‍ നിന്ന് 869 റണ്‍സാണ് താരത്തിനുള്ളത്. കൂടാതെ മുന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായ ഗൗതം ഗംഭീറും 1000 എന്ന മൈല്‍ സ്റ്റോണിന് പിന്നിലാണ്. ഗംഭീര്‍ 932 റണ്‍സാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്.
Big hits, crucial knocks & 1️⃣0️⃣0️⃣0️⃣ T20I runs 👏
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയാണ് വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മ മടങ്ങിയത്. 20 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 50 റണ്‍സായിരുന്നു താരത്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. 250 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും അഭി സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ അഞ്ച് റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ഇഷാന്‍ കിഷന്‍ (1), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (3) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അയര്‍ലാന്‍ഡിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറാണ്. 36 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. താരത്തിന് പുറമെ മധ്യനിര താരം ഗാരെത് ഡിലാനി 32 പന്തില്‍ 49 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ജോര്‍ജ് ഡക്രല്‍ 19 റണ്‍സും നേടി മികവ് പുലര്‍ത്തി.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് ഹര്‍ഷിത് റാണയാണ് മൂന്ന് വിക്കറ്റാണ് താരം നേടിയത്. അര്‍ഷ്ദീപ് സിങ്ങും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റും നേടി തിളങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ദുബെയാണ് നേടിയത്.
Content Highlight: Shivam Dube Complete 1000 Runs In International T20 For India