അഭിനേതാവായി പേരെടുക്കുന്നതിന് മുമ്പ് ഷൂട്ടിങ് ലൊക്കേഷനില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ലൊക്കേഷനില്‍ വന്ന തന്റെ മാതാപിതാക്കളെ നയന്‍താരയുള്‍പ്പെടയുള്ളവരെ പരിചയപ്പെടുത്തിയിട്ടും മമ്മൂട്ടിക്ക് മാത്രം പരിചയപ്പെടുത്തിയില്ലെന്നും അതെന്തുകൊണ്ടാണെന്ന് മമ്മൂട്ടി ചോദിച്ചുവെന്നും ഷൈന്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ ഷൈന്‍ പങ്കുവെച്ചത്.

‘അച്ഛനും അമ്മയും ഒരിക്കല്‍ ലൊക്കേഷനില്‍ വന്ന സമയത്ത് മമ്മൂക്കയും നയന്‍താരയും മറ്റ് ആക്ടേഴ്‌സും ഇരിക്കുന്നുണ്ട്. ഒരോരുത്തരെയായി അച്ഛനേയും അമ്മയേയും പരിചയപ്പെടുത്തി. നയന്‍താരയെയും ബാക്കിയുള്ളവരേയുമൊക്കെ പരിചയപ്പെടുത്തിക്കൊടുത്തു. മമ്മൂക്കയെ മാത്രം പരിചയപ്പെടുത്തികൊടുത്തില്ല. കാരണം എങ്ങനെയാണ് പരിചയപ്പെടുത്തികൊടുക്കേണ്ടതെന്ന് എനിക്ക് അറിയില്ല. അത് നാച്ചുറലായി വരുന്നില്ല.

എന്നെ മാത്രം നീ പരിചയപ്പെടുത്തിയില്ലല്ലോ എന്ന് മമ്മൂക്ക ചോദിച്ചു. എന്താ ഇങ്ങനെ പറയുന്നതെന്ന് ഞാന്‍ വിചാരിച്ചു. മമ്മൂക്ക ആരാണെന്ന് എന്നെ പരിചയപ്പെടുത്തിയവരാണ് എന്റെ അച്ഛനും അമ്മയും. അവര്‍ക്ക് ഞാന്‍ പിന്നെ എങ്ങനെ മമ്മൂക്കയെ പരിചയപ്പെടുത്തും. എങ്ങനെയാണ് ഇവരോട് ഇടപഴകുക എന്നുള്ളത് ഭയങ്കര ഡിസ്‌കംഫര്‍ട്ടായി ഉള്ളിലിരിക്കുവാണ്. ഒരുപാട് നാളായി ആഗ്രഹിക്കുകയും കാണുകയും ഇമിറ്റേറ്റ് ചെയ്യുകയും ചെയ്യുന്നൊരാളോട് എങ്ങനെ സംസാരിക്കണം എങ്ങനെ കംമ്മ്യൂണിക്കേറ്റ് ചെയ്യണം എന്നൊരു പകപ്പ് ഇപ്പോഴും എനിക്കുണ്ട്.

അന്ന് ഞാന്‍ ഒരു ആക്ടറാണെങ്കില്‍ എനിക്കും വിഷമം വരും. ഒപ്പം വര്‍ക്ക് ചെയ്യുന്നൊരാള്‍ ചുറ്റുമിരിക്കുന്ന എല്ലാവരേയും പരിചയപ്പെടുത്തി. എന്നെ പരിചയപ്പെടുത്തുന്നില്ലെങ്കില്‍ എന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണോ പരിചയപ്പെടുത്താത്, അതോ ഇയാള്‍ എന്റെ ഫാനല്ലാത്തത് കൊണ്ടാണോ എന്നൊക്കെയുള്ള ഒരുപാട് ചിന്തകള്‍ എനിക്കുണ്ടാവും. പക്ഷേ പുള്ളി അത് വളരെ ജെനുവിനായി പറഞ്ഞു. അതാണ് മമ്മൂക്കയെ മമ്മൂക്കയാക്കുന്നതും ബാക്കിയുള്ളവരെ അങ്ങനെയാക്കുന്നതും,’ ഷൈന്‍ പറഞ്ഞു.

ബൂമറാംഗ് ആണ് ഉടനെ റിലീസ് ചെയ്യുന്ന ഷൈന്‍ ടോം ചിത്രം. മനു സുധാകരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സംയുക്ത, ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍. എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

Content Highlight: shine tom chacko about mammootty and nayanthara