അടുത്തിടെ സംഘപരിവാര്‍ വിദ്വേഷ പ്രചരണം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക-സിനിമാ മേഖലയില്‍ ചര്‍ച്ചയായ ചിത്രമാണ് ഷാരൂഖ് ഖാന്റെ പത്താന്‍. കഴിഞ്ഞ ഡിസംബറിലാണ് മധ്യപ്രദേശ് സ്പീക്കര്‍ ഗിരീഷ് ഗൗതം ചിത്രത്തോടനുബന്ധിച്ച് ഷാരൂഖ് ഖാനെതിരെ വെല്ലുവിളി ഉയര്‍ത്തിയത്. പത്താന്‍ മകള്‍ക്കൊപ്പമിരുന്ന് കാണുമോ എന്നായിരുന്നു ഗിരീഷ് ഗൗതത്തിന്റെ വെല്ലുവിളി.

എന്നാലിപ്പോള്‍ മകള്‍ സുഹാനയെ മാത്രമല്ല, മകന്‍ ആര്യന്‍ ഖാനേയും ഭാര്യ ഗൗരി ഖാനേയും ഒപ്പം കൂട്ടി പത്താന്‍ കണ്ടിരിക്കുകയാണ് ഷാരൂഖ്. കുടുംബത്തോടൊപ്പം പത്താന്‍ സ്‌ക്രീനിങ്ങിനെത്തിയ ഷാരൂഖ് ഖാന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മകള്‍ക്കൊപ്പം പത്താന്‍ കണ്ട് അതിന്റെ ഫോട്ടോ ഷാരൂഖ് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യട്ടെ എന്നായിരുന്നു ഗിരീഷ് ഗൗതം എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നത്. വിദ്വേഷം നിറഞ്ഞ ഇത്തരം വെല്ലുവിളികളോട് വാക്കുകള്‍ കൊണ്ടല്ല, ആക്ഷനിലൂടെയാണ് കിങ് ഖാന്‍ മറുപടി നല്‍കുന്നതെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബുര്‍ജ് ഖലീഫക്ക് മുമ്പില്‍ കൈ വിടര്‍ത്തി ചെരിഞ്ഞുനില്‍ക്കുന്ന ഷാരൂഖിന്റെ സിഗ്നേചര്‍ സ്റ്റെപ്പും ശ്രദ്ധ നേടിയിരുന്നു. ജനുവരി 25ന് പത്താന്‍ റിലീസ് ചെയ്യും. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലേയും ഭരണപക്ഷത്തിന്റെ പിന്തുണയോടെ നടക്കുന്ന സംഘപരിവാര്‍ വിദ്വേഷ പ്രചരണങ്ങളെ അതിജീവിച്ച് പത്താന്‍ വമ്പന്‍ വിജയമാകുമെന്നാണ് എസ്.ആര്‍.കെ ആരാധകരുടെ പ്രതീക്ഷ.