കഴിഞ്ഞ ദിവസമായിരുന്നു ക്രിക്കറ്റ് ലോകത്തെ നടക്കു ഓസീസ് സ്പിന്‍ ഇതിഹാസം മരണത്തിന് കീഴടങ്ങിയത്. തായ്‌ലാന്‍ഡിലെ കോ സമുയിയിലെ വില്ലയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരിക്കുകയാണ്. മരണ സമയത്ത് താരം ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്നും മരണത്തിന് മുമ്പുള്ള മണിക്കൂറുകളില്‍ രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ചാണ് ഏറെ സംസാരിച്ചതെന്നും വെളിപ്പെടുത്തുകയാണ് വോണിന്റെ അടുത്ത സൂഹൃത്തായ ടോം ഹാള്‍.

മരണ സമയത്ത് ഹാള്‍ വോണിനൊപ്പം ഉണ്ടായിരുന്നുവെന്നും ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിച്ചുവെന്നും ഹാള്‍ പറയുന്നു. ഇതിന് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ചും അവരുടെ ആദ്യ കിരീട നേട്ടത്തെ കുറിച്ചുമാണ് വോണ്‍ ഏറെ നേരം സംസാരിച്ചതെന്നും ഹാള്‍ പറയുന്നു.

2008ലെ ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സായിരുന്നു കിരീടം ചൂടിയിരുന്നത്. ആര്‍ക്കും അറിയാത്ത യുവ താരങ്ങളെ ചേര്‍ത്തു നിര്‍ത്തിയായിരുന്നു രാജസ്ഥാന്‍ ഐ.പി.എല്ലിന്റെ ആദ്യ ചാമ്പ്യന്‍മാരായത്.

ഒരേസമയം ടീമിന്റെ കോച്ചായും ക്യാപ്റ്റ്‌നായും ഡബിള്‍ റോളിലാണ് വോണ്‍ റോയല്‍സിനെ നയിച്ചത്.

ടൂര്‍ണമന്റിലെ ആദ്യ മത്സരം തോറ്റുകൊണ്ടായിരുന്നു രാജസ്ഥാന്റെ തുടക്കം. ഇതില്‍ സങ്കടപ്പെട്ടിരുന്ന ടീമ ഉടമയെ വോണ്‍ ആശ്വസിപ്പിച്ചിരുന്നു.

‘നിരാശപ്പെടേണ്ട, എല്ലാം ശരിയാവും’ എന്ന് പറഞ്ഞായിരുന്നു വോണ്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചത്. താന്‍ പറഞ്ഞത് പിന്നീട് അച്ചട്ടായെന്നും രാജസ്ഥാന്‍ കിരീടമുയത്തിയെന്നും അവന്‍ എന്നോട് സംസാരിച്ചിരുന്നു,’ ഹാള്‍ പറയുന്നു.

2008ല്‍ ചാമ്പ്യന്‍മാരായ ശേഷം രാജസ്ഥാന് ഐ.പി.എല്ലില്‍ തിളങ്ങാനായില്ല. ഐ.പി.എല്‍ നിന്നടക്കം വിരമിച്ച ശേഷം താരം ടീമിന്റെ മെന്ററായും രാജസ്ഥാനെ മുന്നോട്ട് നയിച്ചിരുന്നു.

സഞ്ജുവിനെ പോലെ തന്നെ രാജസ്ഥാന്‍ വീണ്ടും കിരീടമുയര്‍ത്തുന്നതായിരുന്നു വോണും ആഗ്രഹിച്ചിരുന്നത്. വോണിനെ സംബന്ധിച്ച് രാജസ്ഥാന്‍ വെറുമൊരു ഫ്രാഞ്ചൈസി ലീഗ് ടീം മാത്രമായിരുന്നില്ല, ഓസീസിനെ പോലെ തന്റെ ഉടലും ഉയിരും പകുത്തു നല്‍കിയ സ്വപ്‌നത്തിന്റെ പാതി കൂടി ആയിരുന്നു.

Content highlight: Shane Warne was talking about his IPL team Rajasthan Royals before his death, says his friend