ഇത് പഴയ ബ്ലാസ്റ്റേഴ്‌സല്ല, എതിരാളികള്‍ പേടിച്ചേ മതിയാവൂ; കപ്പിലേക്ക് ഒരു പടി കൂടെ അടുത്ത് കൊമ്പന്‍മാര്‍
Indian Super League
ഇത് പഴയ ബ്ലാസ്റ്റേഴ്‌സല്ല, എതിരാളികള്‍ പേടിച്ചേ മതിയാവൂ; കപ്പിലേക്ക് ഒരു പടി കൂടെ അടുത്ത് കൊമ്പന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th March 2022, 9:41 am

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് മത്സരവും അവസാനിച്ചിരിക്കുകയാണ്. മത്സരത്തിന് മുമ്പേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ സമ്മര്‍ദമേതും കൂടാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയ്‌ക്കെതിരെ കളിച്ചത്. എന്നാല്‍ അതിന്റെ ഒരു തരത്തിലുള്ള ഉഴപ്പോ അലംഭാവമോ ഇല്ലാതെയാണ് താരങ്ങള്‍ കളം നിറഞ്ഞാടിയത്.

ടൂര്‍ണമെന്റില്‍ ഇത്രയും നാള്‍ കണ്ട ബ്ലാസ്‌റ്റേഴ്‌സിനെ ആയിരുന്നില്ല ഗോവയ്‌ക്കെതിരെ കണ്ടത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ഗോവ മരണക്കളി പുറത്തെടുത്തപ്പോള്‍, സെമിയിലെ തങ്ങളുടെ എതിരാളികള്‍ക്ക് ശക്തമായ സൂചന എന്ന നിലയിലുള്ള പ്രകടനമായിരുന്നു കൊമ്പന്‍മാര്‍ കളം നിറഞ്ഞാടിയത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.എസ്.എല്ലിന്റെ സെമിയിലേക്ക് പ്രവേശിച്ചതിന്റെ എല്ലാ ആവേശവും അവരുടെ കാലിലും മനസിലും ഉണ്ടായിരുന്നു. കാലില്‍ കൊരുത്ത പന്ത് വിട്ടു നല്‍കാതെ ഗോള്‍ വല മാത്രം ലക്ഷ്യം വെക്കുന്ന ബ്ലാസ്‌റ്റേഴ്‌സായിരുന്നു കഴിഞ്ഞ ദിവസത്തെ കാഴ്ച.

ഇതുവരെയില്ലാത്ത ആവേശമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്. മദമിളകിയ ഒറ്റക്കൊമ്പനെ പോലെ മഞ്ഞപ്പട മൈതാനത്ത് ആറാടുകയായിരുന്നു.

 

ആവേശം അലതല്ലിയ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച്, അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഗോവ ഇത്തവണത്തെ സീസണിനോട് വിട പറഞ്ഞത്.

2016ന് ശേഷമിങ്ങോട്ട് ലീഗ് പോരാട്ടങ്ങള്‍ക്ക് ശേഷം തലകുനിച്ച് മടങ്ങിയിരുന്ന, ആരാധകരുടെ കുത്തുവാക്കുകള്‍ കേട്ടിരുന്ന ബ്ലാസ്റ്റേഴ്‌സ് എന്നാല്‍ ഇനി ചില കളികള്‍ കളിക്കാന്‍ തയ്യാറായി തന്നെയാണ് മുന്നോട്ട് കുതിക്കുന്നത്.

സെമി ഉറപ്പിച്ചതിന് പിന്നാലെ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് വുകോമനൊവിച്ച ഫസ്റ്റ് ഇലവനെ അണിനിരത്തിയത്.

നായകന്‍ അഡ്രിയാന്‍ ലൂണയും സസ്‌പെന്‍ഷനിലായ ഖബ്രയുമടക്കം നിരവധി താരങ്ങള്‍ പുറത്തിരിക്കുകയായിരുന്നു. എന്നിട്ടും ‘ഇജ്ജാദി’ കളിയാണെങ്കില്‍ അവര്‍ കൂടെ കളത്തിലിറങ്ങിയാല്‍ കളി ഒന്നാകെ മാറുമെന്നാണ് ആരാധകര്‍ പറയുന്നത്.

20 കളികളില്‍ നിന്നും 9 ജയവും 7 സമനിലയും 4 തോല്‍വിയുമടക്കം 34 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടക്കുന്ന ജംഷഡ്പൂര്‍ എഫ്.സി – എ.ടി.കെ മോഹന്‍ ബഗാന്‍ മത്സരം കഴിയുന്നതോടെ സെമി ചിത്രം വ്യക്തമാവും.

Content highlight: Kerala Blasters to the Playoffs of ISL