2009-ല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ‘റെഡ് ചില്ലീസ്’. ഷാജി കൈലാസ്-മോഹന്‍ലാല്‍ കോമ്പോയില്‍ എത്തുന്ന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പോടെയായിരുന്നു സിനിമ റിലീസിനെത്തിയത്.
എ.കെ. സാജന്‍ തിരക്കഥയെഴുതിയ ചിത്രം എന്നാല്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. ഈ സിനിമയ്ക്ക് പിന്നില്‍ അധികമാര്‍ക്കുമറിയാത്ത ഒരു കഥയുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ നേരിട്ട് അഭിനയിക്കാനിരുന്നതായിരുന്നില്ല.
ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് എ.കെ. സാജനുമാണ് ഈ കാര്യം പങ്കുവെച്ചത്.
ശബ്ദം മാത്രം മതിയായിരുന്ന ഒ.എം.ആര്‍
വിദേശത്തുള്ള ‘റെഡ് ചില്ലീസ്’ എന്ന എഫ്.എം. റേഡിയോ ഗ്രൂപ്പിന്റെ ഉടമയായ ഒ.എം.ആര്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ഒരു കൊലപാതക കേസില്‍ പ്രതികളായ, 10 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ ഒമ്പത് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ മോഹന്‍ലാലിന്റെ കഥാപാത്രം എത്തുന്നതായിരുന്നു ചിത്രത്തിന്റെ പ്ലോട്ട്.
എന്നാല്‍ ആദ്യ ഘട്ടത്തില്‍ മോഹന്‍ലാല്‍ ഈ സിനിമയില്‍ ഉണ്ടായിരുന്നില്ല. താന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ അപകടത്തില്‍പ്പെടുമ്പോള്‍, വിദേശത്തിരുന്ന് അദൃശ്യനായി തന്റെ ശബ്ദം കൊണ്ട് മാത്രം അവരെ രക്ഷിച്ചെടുക്കുന്ന രീതിയിലായിരുന്നു കഥയുടെ തുടക്കത്തിലെ നോട്ട്.
‘മോഹന്‍ലാലിനോട് സംസാരിച്ചപ്പോഴും ശബ്ദം മാത്രം മതിയെന്നാണ് പറഞ്ഞത്. എന്നാല്‍ കഥ കേട്ട ലാല്‍ ‘വേണ്ട, ഞാന്‍ നേരിട്ട് വരാം, നമുക്ക് ചെയ്യാം’ എന്ന് പറയുകയായിരുന്നു,’ ഷാജി കൈലാസ് ഓര്‍ക്കുന്നു.
കഥ മാറ്റിയെഴുതിച്ച ‘ഓപ്പണ്‍ ഡേറ്റ്’
മോഹന്‍ലാല്‍ നേരിട്ട് വരാമെന്ന് സമ്മതിച്ചെങ്കിലും കേവലം രണ്ടു ദിവസത്തെ ഷൂട്ടിങ് മാത്രമായിരുന്നു അന്ന് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ ചൈനയില്‍ നടക്കേണ്ടിയിരുന്ന മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് മാറ്റിവെക്കപ്പെട്ടു. ഫ്രീയായ വിവരം മോഹന്‍ലാല്‍ തന്നെയാണ് ഷാജി കൈലാസിനെ വിളിച്ച് അറിയിക്കുന്നത്: ‘ഞാന്‍ ഫ്രീയാണ് കേട്ടോ…’ എന്ന് ലാല്‍ പറഞ്ഞതും ഷാജി കൈലാസ് മറ്റൊന്നും ചിന്തിച്ചില്ല.
സൂപ്പര്‍താരത്തിന്റെ ഡേറ്റ് സൗജന്യമായി മുന്നില്‍ വന്നതോടെ ഷാജി കൈലാസ് തിരക്കഥാകൃത്ത് എ.കെ. സാജനെ വിളിച്ചു. ലാല്‍ ഫ്രീയാണെന്നും കഥാപാത്രത്തിന് ബാക്കി എന്തെങ്കിലും ചെയ്ത് വിപുലീകരിക്കാന്‍ പറ്റുമോ എന്നും ചോദിച്ചു. ലാലിന്റെ ഡേറ്റ് കളയാന്‍ തയ്യാറാകാതിരുന്ന ഇരുപരും ഒടുവില്‍ മോഹന്‍ലാലിനെ വെച്ച് 9 ദിവസത്തോളം ഷൂട്ട് ചെയ്തു.
അടിമുടി മാറിയ സിനിമ
മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയതോടെ സിനിമയുടെ അടിത്തറ തന്നെ മാറ്റിപ്പണിയേണ്ടി വന്നു. ലാലിന്റെ കഥാപാത്രത്തെ കുറച്ചുകൂടി വലുതാക്കിയപ്പോള്‍, നേരത്തെ നിശ്ചയിച്ചിരുന്ന മറ്റ് പല രംഗങ്ങളും കഥാപാത്രങ്ങളെയും വെട്ടിമാറ്റേണ്ടി വന്നു.
‘നമുക്ക് ഡേറ്റ് കിട്ടിയാലും പ്രശ്‌നമാണ്! സത്യത്തില്‍ ഞാന്‍ പെട്ടുപോയി. അതൊരു ശബ്ദം മാത്രമായിരുന്നല്ലോ, അതിനെ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ വലുതാക്കേണ്ടി വന്നു,’ സാജന്‍ പറയുന്നു.
ശബ്ദം കൊണ്ട് മാത്രം സിനിമയില്‍ എത്തേണ്ടിയിരുന്ന ഒരു കഥാപാത്രം, അപ്രതീക്ഷിതമായി ലാലിന്റെ ഡേറ്റ് കിട്ടിയതോടെ സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന നായകനായി മാറി. അങ്ങനെ സിനിമയുടെ ഒറിജിനല്‍ ബേസ് തന്നെ പൊളിച്ചെഴുതിയാണ് ‘റെഡ് ചില്ലീസ്’ പ്രേക്ഷകരിലേക്ക് എത്തിയത്.
Content Highlight: Shaji kailas and AK Sajal Reveal the story behind Red Chillies
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.