കുറഞ്ഞ സമയം കൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറിയ താരമാണ് ആലിയ ഭട്ട്. ഗംഗുഭായ് കഠിയവാഡി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടാനും അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യന്‍ സിനിമക്ക് പുറമെ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന സിനിമയിലൂടെ ഹോളിവുഡിലേക്കും ആലിയ ചുവട് വെച്ചിട്ടുണ്ട്.

ആലിയ ഭട്ടിനെ കുറിച്ച് സംസാരിക്കുകയാണ് പാരലല്‍ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിയ ശബാന ആസ്മി. ആലിയ ഭട്ടാണ് ഇന്നുള്ളതില്‍ റിയല്‍ സൂപ്പര്‍ സ്റ്റാര്‍ എന്നും അവര്‍ വളരെ മികച്ച അഭിനേതാവാണെന്നും ശബാന പറയുന്നു. സെറ്റില്‍ വളരെ അനായാസവുമായാണ് ആലിയ ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് ആലിയക്ക് നന്നായിട്ട് അറിയാമെന്നും ശബാന കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സിനിമയിലെ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ പദവി ഒരാള്‍ക്ക് കൊടുക്കുകയാണെങ്കില്‍ അത് ആര്‍ക്കായിരിക്കും കൊടുക്കുക എന്ന ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോമിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശബാന ആസ്മി.

‘ഇന്നത്തെ കാലത്തെ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ ആലിയ ഭട്ടാണ്. ആലിയ ഭട്ട് വളരെ മികച്ച അഭിനേതാവാണ്. സെറ്റില്‍ ആലിയ അനായാസമായാണ് ഓരോന്നും ചെയ്യാറുള്ളത്, മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും എങ്ങനെ ഓരോരുത്തരെയും കെയര്‍ ചെയ്യണമെന്നും ആലിയക്ക് നന്നായിട്ടറിയാം. അവളെ ഒരുപാട് വ്യത്യസ്ത വേഷങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. മറ്റുള്ളവര്‍ ആലിയയെ കണ്ട് പഠിച്ചാല്‍ നന്നായിരുന്നെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,’ ശബാന ആസ്മി പറയുന്നു.

അതേസമയം, കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തില്‍ ശബാനയും ആലിയയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയവും നിരൂപ പ്രശംസ നേടാനും സിനിമക്ക് കഴിഞ്ഞിരുന്നു. ആലിയയുടെ മുത്തശ്ശി ആയിട്ടായിരുന്നു ശബാന ചിത്രത്തില്‍ അഭിനയിച്ചത്.

Content Highlight: Shabana Azmi Talks About Alia Bhatt