ന്യൂദല്‍ഹി: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങളിലൂടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പ് ചാമ്പ്യന്മാരായ വിന്‍ഡീസിനെയാണ് അവസാനമായി അവര്‍ തകര്‍ത്തു വിട്ടത്. ആ വിജയത്തിന് മിഥാലിയ്ക്കും കൂട്ടര്‍ക്കും നൂറില്‍ അമ്പത് മാര്‍ക്കും ബാക്കി അമ്പത് സ്മൃതി മന്ദാനയ്ക്കുമാണ്.
സ്മൃതി മന്ദാനയെന്ന ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റിങ് ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല. 10 റണ്‍സകലെ നഷ്ടപ്പെട്ട സെഞ്ചുറിയുടെ നിരാശ വിന്‍ഡീസിനെതിരായ മത്സരത്തിലൂടെ മായ്ച്ചുകളഞ്ഞ സ്മൃതി ഇന്ത്യന്‍ ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിരിക്കുകയാണ്. പിന്നാലെ ആ കണ്ണടക്കാരിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
സ്മൃതിയെ അഭിനന്ദിച്ച് ഇതിഹാസ താരങ്ങളായ സച്ചിനും സെവാഗും കൈഫുമടക്കമുള്ള താരങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ട്വീറ്റ് കണ്ടപ്പോള്‍ ഒരു ആരാധകന് ചെറിയൊരു സംശയം. പുള്ളിയത് വീരുവിനോട് ചോദിക്കുകയും ചെയ്തു. വീരുവിന്റെ പെണ്‍പതിപ്പാണോ സ്മൃതി എന്നായിരുന്നു അയാളുടെ സംശയം. അതിന് അര്‍ഹിക്കുന്ന മറുപടി തന്നെ വീരു നല്‍കി. സ്മൃതിയെന്ന താരത്തിന് എക്കാലത്തും ഓര്‍ത്തു വെക്കാനും ആ താരത്തെ ആരാധകരുടെ ഉള്ളില്‍ എഴുതിച്ചേര്‍ക്കാനും വീരുവിന്റെ മറുപടി മാത്രം മതി.
സ്മൃതിയുടെ ആദ്യ പതിപ്പാണ് അവളെന്നും വളരെ പ്രത്യേകതയുള്ള കളിക്കാരിയാണെന്നുമായിരുന്നു സെവാഗിന്റെ ഉത്തരം. സ്പോര്‍ട്സ് ഇഷ്ടപ്പെടുന്ന ഏതൊരു സ്മൃതിയില്‍ അഭിമാനിക്കുമെന്നും ഇന്ത്യന്‍ ടീമിനും സ്മൃതിക്കും ആശംസ നേരുന്നുവെന്നും സെവാഗ് ട്വീറ്റ് ചെയ്തു.
