മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ സെറീനയോട് തോറ്റ് നിലവില്‍ ഒന്നാം നമ്പര്‍ സിമോണ ഹാലെപ് പുറത്ത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ കടുത്ത പോരാട്ടത്തിന് ശേഷമാണ് സിമോണ സെറീനയ്ക്ക് മുന്‍പില്‍ കീഴടങ്ങിയത്.
സ്‌കോര്‍: 6-1, 4-6, 6-4. ആദ്യ സെറ്റില്‍ 6-1ന് ഹാലെപിനെ സെറീന പിടിച്ചുകെട്ടി. രണ്ടാം സെറ്റില്‍ 4-6 എന്ന പോയിന്റില്‍ പൂര്‍വാധികം ശക്തിയോടെ ഹാലെപ് തിരിച്ചുവന്നതോടെ ആവേശം മൂന്നാം സെറ്റിലേക്ക് നീണ്ടു. എന്നാല്‍ മൂന്നാം സെറ്റില്‍ സെറീന തിരിച്ചടിക്കുകയായിരുന്നു. റാങ്കിങ്ങില്‍ നിലവില്‍ 16ാം സ്ഥനത്താണ് സെറിനയിപ്പോള്‍.
മകളുടെ ജനനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രലിയന്‍ ഓപ്പണില്‍ സെറീന കളിച്ചിരുന്നില്ല. ഫ്രഞ്ച് ഓപ്പണില്‍ നാലാം റൗണ്ടില്‍ പുറത്ത് പോവുകയും ചെയ്തു. യു.എസ് ഓപ്പണ്‍, വിംബിള്‍ഡണ്‍ ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ എത്തിയെങ്കിലും സെറീനയ്ക്ക് ജയിക്കാനായില്ല. തന്നേക്കാള്‍ 10 വര്‍ഷം ജൂനിയറായ ഹാലപ്പിനെതിരേ സെറീന വിജയം നേടിയതോടെ സെറീന തിരിച്ചുവരവ് ഗംഭീരമാക്കി.
ഇന്നത്തെ ജയത്തോടെ സെറീന പുതിയ ചരിത്രവും കുറിച്ചു. അമേരിക്കന്‍ താരത്തിന്റെ 50ാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനത്തിനാണ് ഇന്ന് മെല്‍ബണ്‍ കോര്‍ട്ട് സാക്ഷിയായത്. കരിയറിലെ എട്ടാം ഗ്രാന്റ്സ്ലാം കിരീടമാണ് ഇനി സെറീനയുടെ ലക്ഷ്യം.
