റിയാദ്: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യു.എസില്‍ 600 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി സൗദി അറേബ്യ.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ യു.എസുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ സൗദി 600 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സൗദി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേതാണ് തീരുമാനം.

അതേസമയം നിക്ഷേപം ഒരു ട്രില്യണ്‍ ആയി ഉയര്‍ത്താന്‍ സൗദി അറേബ്യയോട് ആവശ്യപ്പെടുമെന്ന് ട്രംപ് പറഞ്ഞു. ഇത് സൗദി അറേബ്യയുടെ ആളോഹരി വരുമാനത്തിന് തുല്യമാണ്.

ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധത്തിലായതിനാല്‍ തന്റെ ആവശ്യം സൗദി അറേബ്യ നിരാകരിക്കില്ലെന്നും ട്രംപ് പ്രതികരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

സൗദിയും ഒപെക്കും എണ്ണയുടെ വില കുറയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എണ്ണയുടെ വില കുറയുന്നത് ഉക്രൈന്‍-റഷ്യ യുദ്ധത്തിന് അന്ത്യം കുറിക്കുമെന്നും ട്രംപ് പറഞ്ഞു. എണ്ണവില കുത്തനെ കുറഞ്ഞാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്നും നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ യുദ്ധവും തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ട്രംപിന്റെ ആവശ്യത്തോട് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ നിക്ഷേപം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സൗദി പുറത്തുവിട്ടിട്ടുമില്ല. അതേസമയം സൗദി നിക്ഷേപം പ്രഖ്യാപിച്ചതോടെ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപിന്റെ ഔദ്യോഗികമായ ആദ്യ വിദേശസന്ദര്‍ശനം റിയാദിലേക്ക് ആകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ അനുമാനിക്കുന്നു.

ട്രംപിന്റെ വിദേശനയം ആഗോള തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഗള്‍ഫ് രാജ്യവും യു.എസും തമ്മിലുള്ള ബന്ധം ശക്തമാകുന്നത്. കാനഡയും ഗ്രീന്‍ലാന്‍ഡും പനാമ കനാലുമെല്ലാം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.

അമേരിക്കയിലെ 51ാമത് സംസ്ഥാനമായി കാനഡയെ മാറ്റണമെന്നാണ് ട്രംപിന്റെ ആഗ്രഹം. പനാമ കനാലിലെ ചരക്ക് നീക്കത്തിന് വന്‍നിരക്ക് ഈടാക്കുകയാണെങ്കില്‍ കനാലിന്റെ സഖ്യകക്ഷിയായ യു.എസിന് കനാല്‍ തിരികെ നല്‍കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡെന്‍മാര്‍ക്ക് ഭരണകൂടത്തിന്റെ ഭാഗമായ ഗ്രീന്‍ലാന്‍ഡിന്റെ ധാതുശേഖരത്തിലാണ് ട്രംപിന്റെ മറ്റൊരു കണ്ണ്. ഡെന്മാര്‍ക്കിന് വര്‍ഷംതോറും 70 കോടി ഡോളറാണ് ഗ്രീന്‍ലാന്‍ഡിന്റെ ഭരണത്തിലൂടെ നഷ്ടമാകുന്നതെന്നും അതിനാല്‍ അത് യു.എസിന് കൈമാറിയാല്‍ അവര്‍ക്ക് വന്‍ലാഭമാണ് ലഭിക്കുന്നതെന്നുമാണ് ട്രംപ് ഡെന്മാര്‍ക്കിന് ഉപദേശം നല്‍കിയത്.

Content Highlight: Saudi to invest $600 million in US; Trump wants to increase investment