തിയേറ്ററിൽ നേടിയ വൻ വിജയത്തിന് പിന്നാലെ ഒ.ടി.ടി റിലീസിനുശേഷവും ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ചിത്രം, പതിവ് ഹൊറർ ട്രാക്കുകളിൽ നിന്നും മാറി നിൽക്കുന്ന അവതരണശൈലിയിലൂടെ ശ്രദ്ധ നേടിയിരുന്നു.
അജു–നിവിൻ കൂട്ടുകെട്ടും ‘ഡെലൂലു’ എന്ന യക്ഷിയും വേഗത്തിൽ തന്നെ പ്രേക്ഷക മനസിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ ഒരു പ്രത്യേക രംഗമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
പ്രീതി മുകുന്ദൻ അവതരിപ്പിച്ച സാദിയ എന്ന കഥാപാത്രം ദീർഘകാല റിലേഷൻഷിപ്പ് അവസാനിച്ചതിന് പിന്നാലെ വളരെ പെട്ടെന്ന് തന്നെ പ്രഭേന്ദുവിനോട് (നിവിൻ പോളി) അടുക്കുന്നതാണ് രംഗം.
ഒ.ടി.ടി റിലീസിന് ശേഷം ഈ ഭാഗം വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഒരു സീരിയസ് ബ്രെയ്ക്കപ്പിന് പിന്നാലെ ഇത്ര വേഗത്തിൽ മറ്റൊരു ബന്ധത്തിലേക്ക് കടക്കുന്നത് എത്രത്തോളം യാഥാർത്ഥ്യമാണ്? എന്ന ചോദ്യമാണ് പലരും ഉയർത്തിയത്.
അതേസമയം, ഈ രംഗത്തെ അനുകൂലിച്ച് മറ്റൊരു വിഭാഗം പ്രേക്ഷകർ രംഗത്തെത്തിയിരിക്കുകയാണ്. അവരുടെ അഭിപ്രായത്തിൽ, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതാണ് യഥാർത്ഥ റിയലിസം. നീണ്ടുനിന്ന ഒരു ബന്ധം അവസാനിച്ചതിന് ശേഷം ഒരാൾ എങ്ങനെ പ്രതികരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് സാദിയ എന്നും അവർ അഭിപ്രായപ്പെടുന്നു.
ചിലർ വേദനയിൽ ഒതുങ്ങിപ്പോകുമ്പോൾ, ചിലർ അതിൽ നിന്ന് പുറത്തേക്കു കടക്കാൻ പുതിയ അനുഭവങ്ങൾ തേടും. സാദിയയുടെ സമീപനം അത്തരമൊരു സ്വാഭാവിക പ്രതികരണമായാണ് ഇവർ വിലയിരുത്തുന്നത്.
സർവ്വം മായ, Photo: YouTube/ Screengrab
ബ്രെയ്ക്കപ്പ് ആയാൽ കരഞ്ഞ് ഒരു മൂലയിൽ കിടക്കണമെന്നാണോ നിയമം? എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നു. മുൻബന്ധത്തെ കുറിച്ച് അമിതമായി ചിന്തിച്ച് സ്വന്തം ജീവിതം നശിപ്പിക്കേണ്ടതില്ലെന്ന സന്ദേശമാണ് സംവിധായകൻ നൽകിയതെന്നാണ് ചിലരുടെ വിലയിരുത്തൽ.
ചിത്രത്തിലെ ഈ ഒരു സീനിലൂടെ ഇന്നത്തെ തലമുറയുടെ മനോഭാവത്തെ യാഥാർത്ഥ്യമായി അവതരിപ്പിച്ചെന്നും നല്ലൊരു സന്ദേശമാണ് നൽകിയതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. വിമർശനങ്ങളെയും പിന്തുണയെയും ഒരുപോലെ ലഭിച്ച ഈ രംഗം, ‘സർവ്വം മായ’യെ വീണ്ടും ചർച്ചകളിലേക്ക് നയിക്കുകയാണ്.
Content Highlight: Sarvam Maya movie is being discussed on social media again
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.