എമ്പുരാന്റെ സമയത്തുണ്ടായിരുന്ന അവസ്ഥയല്ല അദ്ദേഹത്തിന് ദൃശ്യം 3 യുടെ കാര്യത്തിൽ; ഫുൾ കോണ്ഫിഡന്റാണ്: സന്തോഷ് ടി. കുരുവിള
Malayalam Cinema
എമ്പുരാന്റെ സമയത്തുണ്ടായിരുന്ന അവസ്ഥയല്ല അദ്ദേഹത്തിന് ദൃശ്യം 3 യുടെ കാര്യത്തിൽ; ഫുൾ കോണ്ഫിഡന്റാണ്: സന്തോഷ് ടി. കുരുവിള
നന്ദന എം.സി
Tuesday, 17th February 2026, 8:05 am

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ‘ദൃശ്യം’ ഇതിനകം തന്നെ ഇന്ത്യൻ സിനിമയിൽ പ്രത്യേക സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ആദ്യ രണ്ട് ഭാഗങ്ങളും നേടിയ വൻ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുമുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂറിനെ കുറിച്ച് നിർമാതാവായ സന്തോഷ് ടി . കുരുവിള പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘ദൃശ്യം 3’യുടെ കാര്യത്തിൽ ആന്റണി പെരുമ്പാവൂരിന് യാതൊരു ടെൻഷനും ഇല്ലെന്നും, അദ്ദേഹത്തിന്റെ മുഖത്തോ സംസാരത്തിലോ സമ്മർദത്തിന്റെ ഒരു ലക്ഷണവും കാണാനില്ലെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.

ദൃശ്യം 3, Photo: IMDb

അതേസമയം ‘എമ്പുരാൻ’ റിലീസിന് മുൻപുള്ള ദിവസങ്ങളിൽ ആന്റണി പെരുമ്പാവൂർ വലിയ സമ്മർദത്തിലായിരുന്നെന്നും അദ്ദേഹം ഓർത്തെടുത്തു. അന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പോലും തനിക്ക് ആശങ്ക തോന്നിയിരുന്നുവെന്നും, വീട്ടിൽ കുട്ടികളോടും ഭാര്യയോടും വരെ അദ്ദേഹത്തിനായി പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നുവെന്നും സന്തോഷ് പറഞ്ഞു.

ഫോൺ വിളിച്ചാലും പലപ്പോഴും അദ്ദേഹം എടുക്കാറില്ലായിരുന്നുവെന്നും അന്ന് വലിയ ടെൻഷനിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ ദൃശ്യം 3 യുടെ കാര്യത്തിൽ ആന്റണി പെരുമ്പാവൂരിന് ഒരു ടെൻഷനും ഇല്ല അത് മുഖത്തും കാണാനില്ല സംസാരത്തിലുമില്ല. എമ്പുരാന്റെ ദിവസങ്ങളിലെല്ലാം അദ്ദേഹത്തിന്റെ മുഖത്തെ ടെൻഷൻ ഞാൻ കണ്ടതാണ്. ഞാനെന്റെ വീട്ടിൽ കുട്ടികളോടും ഭാര്യയോടും പുള്ളിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞു. കാരണം എനിക്ക് പേടിയായിരുന്നു അറ്റാക്ക് വല്ലതും വരുമോ എന്ന്.

സന്തോഷ് ടി. കുരുവിള, Photo: YouTube/ Screengrab

ഫോൺ വിളിച്ചാൽ ആരുടേയും ഫോൺ അദ്ദേഹം എടുക്കാറില്ലായിരുന്നു. എന്നാൽ ദൃശ്യം 3 യുടെ കാര്യത്തിൽ പുള്ളി വളരെ കോൺഫിഡന്റ് ആണ്. എമ്പുരാന്റെ സമയത്തുണ്ടായിരുന്ന ആ ഒരു അവസ്ഥയല്ല ഇപ്പോൾ,’ സന്തോഷ് ടി കുരുവിള പറഞ്ഞു.

ഇതിനിടെ ‘ദൃശ്യം 3’യുടെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജോർജുകുട്ടിയായി മോഹൻലാൽ വാഴക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ചിത്രം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. പോസ്റ്ററിന് താഴെ നിറഞ്ഞ രസകരമായ കമന്റുകളും ശ്രദ്ധ നേടിയിരുന്നു.

അടുത്ത കുഴിവെട്ടാൻ സമയമായി, ‘ജോർജുകുട്ടി തിരിച്ചു വന്നു, വാഴയ്ക്ക് സത്യമറിയാം’ തുടങ്ങിയവ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

പോസ്റ്ററിൽ വാഴ ഉള്ളതുകൊണ്ടു തന്നെ ഇത് വാഴ 2ന് ഉള്ള വാണിങ് ആണെന്ന തരത്തിലുള്ള ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ദൃശ്യം 3 യ്‌ക്കൊപ്പം വാഴ 2 വും ഏപ്രിൽ രണ്ടിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Content Highlight: Santhosh T. Kuruvila talk about Antony perumbavur

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.