തിരുവനന്തപുരം: സിംബാബ്‌വെ പര്യടനം കരിയറിലെ മികച്ച തുടക്കമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍. സിംബാബ്‌വെ പര്യടനത്തിനു ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ സഞ്ജു വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മത്സരം കടുത്തതായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിച്ചുവെന്നും സഞ്ജു പറഞ്ഞു. ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം മികച്ച പ്രോത്സാഹനം തന്നു. കളി മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ മികച്ച പ്രകടനം ഇന്ത്യയ്ക്കായി കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജു പറഞ്ഞു. വിമാനത്താവളത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും കുടുംബാഗംങ്ങളും ചേര്‍ന്ന് സഞ്ജുവിനെ സ്വീകരിച്ചു.
സിംബാബ്‌വെക്കെതിരായ അവസാന ട്വന്റി20 മത്സരത്തിലായിരുന്നു സഞ്ജുവിന്റെ അരങ്ങേറ്റം. 19 റണ്‍സാണ് സഞ്ജു നേടിയത്.
ഇന്ത്യക്കായി കളിക്കുന്ന നാലാമത്തെ മലയാളി താരമാണു സഞ്ജു. സഞ്ജുവിന് മുമ്പ് എബി കുരുവിള, ടിനു യോഹന്നാന്‍, എസ്. ശ്രീശാന്ത് എന്നീ മലയാളി താരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. നേരത്തേ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും സഞ്ജുവിനു സ്ഥാനം ലഭിച്ചിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
