2026 ഐ.പി.എല്‍ സീസണിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറിയത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്.
രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ വമ്പന്‍ താരങ്ങളെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ചെന്നൈക്കൊപ്പം സ്വപ്ന തുല്യമായ പ്രകടനമാണ് സഞ്ജു നടത്തിയത്.
ഇപ്പോള്‍ ചെന്നൈയിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സഞ്ജു. ചെന്നൈയിലേക്ക് മാറിയപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ആവശ്യപ്പെടാത്തതിന്റെ കാരണത്തെക്കുറിച്ചാണ് മലയാളി താരം സംസാരിച്ചത്. ഋതുരാജ് ഗെയ്ക്വാദിന്റെ കീഴില്‍ കളിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നാണ് സഞ്ജു പറഞ്ഞത്. ജിയോ ഹോട്സ്റ്റാറിലൂടെ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.
‘ക്യാപ്റ്റന്‍സി നമ്മള്‍ ചോദിച്ചു വാങ്ങേണ്ട കാര്യമല്ല. അത് നമ്മളിലേക്ക് വരണം. അതിന് നിങ്ങള്‍ യോഗ്യനാണെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാകുമ്പോഴാണ് അത് നമ്മളിലേക്ക് എത്തുക. രാജസ്ഥാനില്‍ ക്യാപ്റ്റന്‍ സ്ഥാനം ഞാന്‍ ചോദിച്ചു വാങ്ങിയതല്ല. ടീം ഉടമ മനോജ് സാര്‍ നീയാണ് അടുത്ത നായകനെന്ന് പറയുകയായിരുന്നു.
ഞാന്‍ അതിന് തയ്യാറാണെന്ന് മറുപടിയും നല്‍കി. അഞ്ച് സീസണോളം ഞാന്‍ ടീമിന്റെ നായകനായി. ഇതിന് ശേഷം ക്യാപ്റ്റന്റെ റോളില്‍ നിന്നും മാറാനുള്ള ആത്മവിശ്വാസം ഉണ്ടായി. ഋതുരാജിനെ എനിക്ക് നന്നായി അറിയാം. അവന്റെ കീഴില്‍ കളിക്കുന്നത് സന്തോഷം നല്‍കുന്നതാണ്. അവന് കീഴില്‍ കളിക്കാന്‍ തയ്യാറായതിനാലാണ് ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ ആവശ്യമില്ലാതെ തന്നെ ഞാന്‍ ചെന്നൈയിലേക്ക് എത്തിയത്,’ സഞ്ജു സാംസണ്‍ പറഞ്ഞു.
ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്.