'ചേട്ടാ ശ്രദ്ധയോടെ കളിക്കൂ' എന്നാണ് അവര്‍ എന്നോട് പറയാറ്: സഞ്ജു സാംസണ്‍
Cricket
'ചേട്ടാ ശ്രദ്ധയോടെ കളിക്കൂ' എന്നാണ് അവര്‍ എന്നോട് പറയാറ്: സഞ്ജു സാംസണ്‍
Sudev A
Wednesday, 22nd April 2026, 8:46 am

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി കളിക്കുമ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. വളരെ താര സമ്പന്നമായ ഒരു ടീമില്‍ കളിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നാണ് സഞ്ജു പറഞ്ഞത്.

മത്സരങ്ങളില്‍ താന്‍ വേഗത്തില്‍ പുറത്താവുമ്പോള്‍ ‘ചേട്ടാ ശ്രദ്ധയോടെ കളിക്കൂ’ എന്ന് സി.എസ്.കെ ആരാധകര്‍ തന്നോട് പറയാറുണ്ടെന്നും സഞ്ജു വ്യക്തമാക്കി. ചെന്നൈ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വിഡിയോയിയിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് വളരെ വ്യത്യസ്തമായാണ് തോന്നുന്നത്. ഇന്ന് ഞാന്‍ താര സമ്പന്നമായ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് കളിക്കുന്നത്. അതിനാല്‍ എനിക്ക് കുറച്ചു കൂടി ഉത്തരവാദിത്വം തോന്നുന്നു. അനാവശ്യമായി എനിക്ക് വിക്കറ്റ് നഷ്ടപ്പെടുത്താന്‍ സാധിക്കില്ല. വിമാന താവളത്തിലൂടെ പോവുമ്പോള്‍ ‘ചേട്ടാ ശ്രദ്ധയോടെ കളിക്കൂ’ എന്ന് ആളുകള്‍ എന്നോട് പറയും. അങ്ങനെ ഞാന്‍ ഒരു സി.എസ്.കെ താരമാണെന്ന് എനിക്ക് തോന്നി. ടീമുമായി ഞാന്‍ വേഗത്തില്‍ പൊരുത്തപ്പെട്ടു’, സഞ്ജു സാംസണ്‍ പറഞ്ഞു.

ഐ.പി.എല്ലിലെ ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടിയത് സഞ്ജുവായിരുന്നു. ദല്‍ഹി ക്യാപ്പില്‍റ്റല്‍സിനെതിരെയാണ് സഞ്ജു സെഞ്ച്വറി നേടി തിളങ്ങിയത്. ആദ്യ മൂന്ന് മത്സരത്തിലെ പരാജയത്തിന് ശേഷമാണ് സഞ്ജു ദല്‍ഹിക്കെതിരെ വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 56 പന്തില്‍ 115* റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. നാല് സിക്സും 15 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഐ.പി.എല്ലിലെ സഞ്ജുവിന്റെ നാലാം സെഞ്ച്വറിയായിരുന്നു ഇത്.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

അതേസമയം ഈ സീസണിലെ ചെന്നൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും ചെന്നൈ പരാജയപ്പെട്ടിരുന്നു. ഹാട്രിക് തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ടൂര്‍ണമെന്റിലേക്ക് ചെന്നൈ തിരിച്ചുവരുകയായിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും വീഴ്ത്തിയാണ് ചെന്നൈ വിജയ വഴിയില്‍ തിരിച്ചെത്തിയത്.

എന്നാല്‍ ഹാട്രിക് വിജയം ലക്ഷ്യം വെച്ചിറങ്ങിയ ചെന്നൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെടുകയും ചെയ്തു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 23ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെയിലാണ് മത്സരം.

Content Highlight: Sanju Samson Talks About Chennai Super Kings

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.