2026 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതില്‍ വലിയ പങ്കുവഹിച്ച താരമാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിറം മങ്ങിയ സഞ്ജുവിന് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നിരുന്നു. നിരാശനായതിന് ശേഷം വീണ്ടും അവസരം ലഭിച്ച സഞ്ജു നിര്‍ണായകമായ മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

അവസരം നഷ്ടപ്പെട്ട സമയത്തെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ സഞ്ജു സാംസണ്‍. ന്യൂസിലാന്‍ഡ് പരമ്പരയ്ക്ക് ശേഷം നിരാശനായിരുന്ന സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തനിക്ക് ആത്മവിശ്വാസം നല്‍കിയെന്നും അവസരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ താന്‍ അത് വിശ്വസിച്ചില്ലായിരുന്നു എന്നും സഞ്ജു പറഞ്ഞു. പിന്നീട് മാനസികമായി തയ്യാറെടുത്തെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. ജിയോ സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

2026 ലോകകപ്പിനിടെ സഞ്ജു സാംസൺ. Photo: BCCI/x.com

‘നിരാശപ്പെടേണ്ട. ഇതൊരു നീണ്ട ടൂര്‍ണമെന്റാണ്. അവസരം ഏത് നിമിഷവും വരാമെന്ന് രോഹിത് പറഞ്ഞിരുന്നു. സത്യം പറഞ്ഞാല്‍, ഞാന്‍ അദ്ദേഹം പറഞ്ഞത് വിശ്വസിച്ചില്ല, അദ്ദേഹം ഹൃദയത്തില്‍ നിന്നോ അനുഭവത്തില്‍ നിന്നോ സംസാരിച്ചതായിരിക്കാം, പക്ഷേ അന്ന് അദ്ദേഹം എന്താണ് പറഞ്ഞത് എനിക്ക് ചിന്തിക്കാന്‍ കഴിഞ്ഞില്ല.

അന്ന് എന്റെ അവസ്ഥ അദ്ദേഹം മുഖത്ത് നിന്ന് മനസിലാക്കി. അന്ന് ഞാന്‍ അല്‍പ്പം നിരാശനായിരുന്നു. എനിക്ക് സുഖം പ്രാപിക്കാന്‍ (ലോകകപ്പിന് വേണ്ടി) കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും എടുക്കും. കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല, അതിനാല്‍ എനിക്ക് 100 ശതമാനം സുഖം തോന്നുന്നില്ലെങ്കില്‍ അത് എന്റെ മുഖത്ത് പ്രകടമാകും.

നാലോ അഞ്ചോ ദിവസം ആ ഘട്ടത്തിലൂടെ കടന്നുപോയി, പിന്നീട് എന്നെത്തന്നെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവന്നു. നിങ്ങള്‍ പരാജയപ്പെട്ടുവെന്ന് നിങ്ങള്‍ക്കറിയാം, അപ്പോള്‍ അടുത്തത് എന്താണ്? നിങ്ങള്‍ ഏറ്റവും താഴെ നിന്ന് മുകളിലേക്ക് പോകാനാണ് ശ്രമിക്കേണ്ടത്.സഞ്ജു സാംസണും രോഹിത് ശര്‍മയും

ഞാന്‍ മാനസികമായി എന്നെത്തന്നെ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഞാന്‍ എന്നോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി, ഞാന്‍ എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നത്? എന്റെ ഉദ്ദേശ്യം എന്താണ്? ലോകകപ്പ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ വീണ്ടും കണ്ടെത്തുന്നത് പോലെ തോന്നി. പിന്നീട് എല്ലാം തിരിച്ചുവന്നു,’ സാംസണ്‍ ജിയോസ്റ്റാറില്‍ പറഞ്ഞു.

ലോകകപ്പില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്. ടി-20 ലോകകപ്പ് തുടങ്ങിയത് മുതലുള്ള മത്സരങ്ങളില്‍ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും തമ്മിലുള്ള ലെഫ്റ്റ്- ലെഫ്റ്റ് കോംബിനേഷന്‍ പരാജയപ്പെട്ടതോടെയായിരുന്നു നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ലെഫ്റ്റ് റൈറ്റ് കോംബിനേഷനിലേക്ക് തിരിച്ചെത്തിയത്.

ലോകകപ്പിലെ മാച്ച് വിന്നറായിട്ടും നിലവില്‍ സഞ്ജുവിനോടുള്ള ബി.സി.സി.ഐയുടെ അനീതി തുടരുകയാണ്. അയര്‍ലാന്‍ഡിനെതിരായ പരമ്പരയില്‍ നിറം മങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ വേണ്ടത്ര മത്സരങ്ങള്‍ സഞ്ജുവിന് നല്‍കിയിരുന്നില്ല. ഇപ്പോള്‍ സിംബാബ്‌വേയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജുവിനെ സ്‌ക്വാഡില്‍ പോലും ഇന്ത്യ എടുത്തിട്ടില്ല. യുവ താരം വൈഭവ് സൂര്യവംശിക്കാണ് ഓപ്പണിങ്ങില്‍ അവസരം ലഭിച്ചത്.

Content Highlight: Sanju Samson Reveals World Cup 2026 Memories