അയര്‍ലാന്‍ഡിന്റെ അടിവേരിളക്കിയാല്‍ സഞ്ജു തൂക്കും ഈ തകര്‍പ്പന്‍ നേട്ടം; ആദ്യ മത്സരം കാത്ത് ആരാധകര്‍!
Cricket
അയര്‍ലാന്‍ഡിന്റെ അടിവേരിളക്കിയാല്‍ സഞ്ജു തൂക്കും ഈ തകര്‍പ്പന്‍ നേട്ടം; ആദ്യ മത്സരം കാത്ത് ആരാധകര്‍!
ശ്രീരാഗ് പാറക്കല്‍
Thursday, 11th June 2026, 5:16 pm

ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യയ്ക്കുള്ളത്. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായാണ് ശ്രേയസിനെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്. തിലക് വര്‍മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ടീമില്‍ 15കാരനായ വൈഭവ് സൂര്യവംശിയും ഇടം നേടിയിട്ടുണ്ട്.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും സ്‌ക്വാഡിലുണ്ട്. പരമ്പരയില്‍ വൈഭവിനോടൊപ്പം തന്നെ സഞ്ജുവും പ്രധാന ശ്രദ്ധാകേന്ദ്രമാകും. അതിന് കാരണം സഞ്ജുവിനെ കാത്തിരിക്കുന്ന ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ടി-20 ഫോര്‍മാറ്റില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിനുള്ള അവസരം. ഇതിനായി അയര്‍ലാന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് 133 റണ്‍സാണ് താത്തിന് വേണ്ടത്. ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സഞ്ജുവിന് മുന്നേറാന്‍ സാധിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

ഇന്ത്യക്കായി ഇതുവരെ അന്താരാഷ്ട്ര ടി-20യില്‍ 62 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്ജു 1399 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും മലയാളി താരം നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍
191 മത്സരങ്ങളില്‍ നിന്ന് 5181 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

അതേസമയം 2026 ഐ.പി.എല്ലിലും സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ തന്നെ 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് നേടിയത്.

സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ മുന്‍നിരയില്‍ പ്രധാനിയാവുമെന്ന് ഉറപ്പാണ്.

Content Highlight: Sanju Samson Need 133 Runs In Ireland t-20 Series For Achieve Great Record

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ