2026 ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. നാളെ (ഒക്ടോബര്‍ മൂന്നിന്) ജപ്പാനിലെ കൊറോഗി സ്‌പോര്‍സ് പാര്‍ക്കിലാണ് മത്സരം. സെമി ഫൈനലില്‍ ശ്രീലങ്കക്കെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ബംഗ്ലാദേശിനെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.

സെമിയില്‍ ലങ്കക്കെതിരെ തിളങ്ങാന്‍ സാധിക്കാതെ പോയ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം മത്സരത്തില്‍ ആറ് സിക്‌സുകള്‍ കൂടി നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്സര്‍ പൂര്‍ത്തിയാക്കാനുള്ള ഒരു സുവര്‍ണ അവസരവും മലയാളി താരത്തിനുണ്ട്. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായും സഞ്ജു മാറും. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ, ആഭിഷേക് ശര്‍മ എന്നിവരാണ് സിക്‌സറില്‍ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയിട്ടുള്ളത്.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ താരം, സിക്‌സുകളുടെ എണ്ണം

രോഹിത് ശര്‍മ – 205

സൂര്യകുമാര്‍ യാദവ് – 179

ഹര്‍ദിക് പാണ്ഡ്യ – 168

വിരാട് കോഹ്ലി – 124

അഭിഷേക് ശര്‍മ – 126

കെ.എല്‍. രാഹുല്‍ – 99

സഞ്ജു സാംസണ്‍ – 94

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 22 പന്തില്‍ നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തില്‍ രണ്ട് ഫോറും നാല് സിക്‌സറും അടക്കം 35 പന്തില്‍ 50 റണ്‍സാണ് സഞ്ജു നേടിയത്.

അതേസമയം ശ്രീലങ്കയ്‌ക്കെതിരെയുള്ള സെമി ഫൈനല്‍ മത്സരത്തില്‍ സഞ്ജു സാംസണിനെ വണ്‍ഡൗണില്‍ എത്തിച്ച് യുവ താരം വൈഭവ് സൂര്യവംശിയെ ഓപ്പണിങ്ങിലിറക്കിയാണ് ഇന്ത്യ പുതിയ പരീക്ഷണം നടത്തിയിരുന്നത്. ഫൈനലില്‍ സഞ്ജു ഏതു പൊസിഷനില്‍ എത്തുമെന്നും കണ്ടുതന്നെ അറിയണം.

ശ്രീലങ്കക്കെതിരെ 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 9.5 ഓവറില്‍ 45 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇന്ത്യയുടെ മികച്ച ബൗളിങ് പ്രകടനത്തില്‍ നിലം പതിക്കുകയായിരുന്നു ലങ്ക. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. രണ്ട് റണ്‍ ഔട്ടുകളും ഇന്ത്യ നേടി.

ഇന്ത്യക്കായി ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തിയത് ഇഷാന്‍ കിഷനാണ്. 46 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടെ 80* റണ്‍സാണ് താരം സ്വന്തമാക്കിയത്. വൈഭവ് 21 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 38 റണ്‍സും നേടി മികവ് കാണിച്ചു.

Content Highlight: Sanju Samson Have Chance To Create Great Record Achievement In T-20i