ബുംറയുടെ പരാജയത്തിന് കാരണമിത്; തുറന്ന് പറഞ്ഞ് ബാംഗര്‍
Cricket
ബുംറയുടെ പരാജയത്തിന് കാരണമിത്; തുറന്ന് പറഞ്ഞ് ബാംഗര്‍
ഫസീഹ പി.സി.
Tuesday, 5th May 2026, 2:05 pm

മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ മോശം ഫോം തുടരുകയാണ്. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ നടന്ന മത്സരത്തിലും താരത്തിന് വിക്കറ്റ് നേടാന്‍ സാധിച്ചില്ല. ആദ്യ സ്‌പെല്ലില്‍ ഫാസ്റ്റ് ബൗളര്‍ 30ലധികം റണ്‍സ് വിട്ടുനല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ബുംറയെ കുറിച്ച് സംസാരിക്കുകയായാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന സഞ്ജയ് ബാംഗര്‍. ബുംറ പരിശ്രമിക്കാത്തതല്ല, മുംബൈ ഇന്ത്യന്‍സ് താരത്തെ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് തുടര്‍ച്ചയായി പരാജയപ്പെടുന്നതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ടീമിന്റെ മികച്ച ബൗളറായ ബുംറയെ മുംബൈ ആദ്യ ഓവറിലും മൂന്നാം ഓവറിലും പന്തെറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ജയ് ബാംഗര്‍.

‘പരിശ്രമിക്കാത്തതല്ല ബുംറയുടെ (ജസ്പ്രീത്) പരാജയത്തിന് കാരണം. അവന്‍ മികച്ച പ്രകടനം നടത്താന്‍ കഠിന പ്രയത്‌നം ചെയ്യുന്നുണ്ട്. ആദ്യ രണ്ട് ഓവറില്‍ അവന്‍ 31 റണ്‍സൊക്കെ വിട്ടുനല്‍കുന്നത് അപൂർവമാണ്. ഈ മത്സരത്തിൽ അവന്റെ ശരാശരി 134 കിലോ മീറ്റർ ആയിരുന്നു. 141 കിലോ മീറ്ററിൽ എരിഞ്ഞതാണ് അവന്റെ ഏറ്റവും വേഗതയേറിയ പന്ത്.

ഹൃദയം കൊണ്ട് പൊരുതുമ്പോഴും റണ്‍സ് വഴങ്ങുന്നത് ബുംറയെ വേദനിപ്പിക്കുന്നുണ്ടെന്ന് അവന്റെ ശരീരഭാഷയില്‍ നിന്ന് വ്യക്തമാണ്. അവന്റെ ഈ പരാജയത്തിന് കാരണം ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് എന്നാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്.

മത്സരത്തില്‍ ബുംറയെ രണ്ടാം ഓവറിലും നാലാം ഓവറിലുമാണ് പന്തെറിയിച്ചത്. എന്നാല്‍, നിങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് തുടക്കത്തില്‍ തന്നെ മികച്ച ഓവറുകള്‍ നല്‍കാമെന്നാണ് എന്റെ പക്ഷം. ആദ്യ ഓവറും മൂന്നാം ഓവറും നല്‍കുമ്പോള്‍ ടീമിന് ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കും,’ ബാംഗര്‍ പറഞ്ഞു.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജസ്പ്രീത് ബുംറ. Photo: iplt20.com

ഈ സീസണില്‍ ബുംറയ്ക്ക് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. പത്ത് മത്സരങ്ങളില്‍ കളിച്ച താരത്തിന് നേടാനായത് വെറും മൂന്ന് വിക്കറ്റുകള്‍ മാത്രമാണ്. 109.66 ശരാശരിയും 8.89 എക്കോണമിയുമാണ് ഫാസ്റ്റ് ബൗളര്‍ക്കുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 15 റണ്‍സിന് ഒരു വിക്കറ്റാണ് താരത്തിന്റെ മികച്ച പ്രകടനം.

 

Content Highlight: Sanjay Bangar says not utilizing Jasprit Bumrah in a proper manner is the reason for his failure

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി