ഒരു ഫോട്ടോ ഇട്ടാൽ സിനിമയിൽ അവസരത്തിന് വേണ്ടി പാവം കഷ്ടപ്പെടുന്നു എന്ന്‌ പറയും: സാനിയ ഇയ്യപ്പൻ
Malayalam Cinema
ഒരു ഫോട്ടോ ഇട്ടാൽ സിനിമയിൽ അവസരത്തിന് വേണ്ടി പാവം കഷ്ടപ്പെടുന്നു എന്ന്‌ പറയും: സാനിയ ഇയ്യപ്പൻ
കെ.എസ് ഷാബിന
Wednesday, 24th June 2026, 8:45 am

മലയാള ചലച്ചിത്ര രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച യുവതാരമാണ് സാനിയ ഇയ്യപ്പൻ. മികച്ചൊരു നർത്തകി എന്ന നിലയിൽ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരം, പിന്നീട് അഭിനയരംഗത്തും സജീവമാവുകയായിരുന്നു.

സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഫാഷൻ രംഗത്തും സാനിയ സജീവമാണ്. തന്റെ നിലപാടുകൾ ശക്തമായി വ്യക്തമാക്കുന്ന താരം അതിൽ അടിയുറച്ച് നിൽക്കാറുണ്ട്.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം സോഷ്യൽ മീഡിയയിൽ അവയുടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. എന്നാൽ, ഇത്തരം പോസ്റ്റുകൾക്ക് താഴെ പലപ്പോഴും കടുത്ത നെഗറ്റീവ് കമന്റുകളും സൈബർ അറ്റാക്കുകളും ആണ് പ്രത്യക്ഷപ്പെടുന്നത്. അനാവശ്യമായ വിമർശനങ്ങൾക്കും ട്രോളുകൾക്കും തികച്ചും ‘ബോൾഡ്’ ആയ മറുപടികളാണ് സാനിയ നൽകുന്നത്.

സാനിയ ഇയ്യപ്പൻ.Photo:Photo: OnManorama/Samayam Malayalam

മറ്റുള്ളവരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് അമിത പ്രാധാന്യം നൽകാതെ, സ്വന്തം ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അനുസരിച്ച് ജീവിക്കുന്ന ഒരു ഇൻഡിപെൻഡന്റ് വ്യക്തിത്വമാണ് താരത്തിന്റേത്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച സാനിയ, തന്റെ 24-ാം വയസ്സിൽ പൂർണ്ണമായും താൻ ആഗ്രഹിച്ച രീതിയിലുള്ള ജീവിതം കെട്ടിപ്പടുത്ത് മുന്നേറുകയാണ്.

ഇപ്പോൾ താൻ നേരിടുന്ന സൈബർ അറ്റാക്കുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സാനിയ. ‘വനിത’ യുടെ യൂട്യൂബ് ചാനലിന് നല്കയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. യാത്രകൾക്കിടയിലെ ചിത്രങ്ങളും പുതിയ ഫോട്ടോഷൂട്ടുകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുമുണ്ട്. എനിക്ക് മനസിലാകാത്ത ഒരു കാര്യം, ഞാൻ വെറുതെ ഒരു അടച്ചിട്ട മുറിയിൽ ബിക്കിനി ധരിച്ചു നിൽക്കുന്ന ചിത്രങ്ങളല്ല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ അത് ഒരുപക്ഷേ പ്രശ്നമായിരിക്കാം.

സാനിയ ഇയ്യപ്പൻ.Photo:Photoplus.kVartha

എന്നാൽ, യാത്രകളുടെ ഭാഗമായി ബീച്ചിൽ പോകുമ്പോൾ എനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാറുണ്ട്, അതിന്റെ ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. അതിനെയാണ് ‘സിനിമയിൽ അവസരത്തിന് വേണ്ടി പാവം കഷ്ടപ്പെടുന്നു’ എന്ന രീതിയിൽ ചിലർ വ്യാഖ്യാനിക്കുന്നത്. ബിക്കിനി ഇട്ടാൽ എങ്ങനെയാണ് സിനിമയിൽ അവസരം ലഭിക്കുക എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

നമ്മൾ എന്ത് ചെയ്താലും അതിൽ നെഗറ്റീവ് കണ്ടെത്താനാണ് ആളുകൾക്ക് താല്പര്യം. എന്ത് ചെയ്താലും മറ്റുള്ളവർ നമ്മളെ ജഡ്ജ് ചെയ്യും. ഇത്തരം കമന്റുകൾ കേട്ട് എന്റെ മനസ്മാധാനം കളയേണ്ടതില്ല എന്ന് ഇപ്പോൾ ഞാൻ തീരുമാനിച്ചിട്ടുണ്ട്. അതിനായി ചില വ്യക്തമായ തീരുമാനങ്ങളും ഞാൻ എടുത്തു കഴിഞ്ഞു’, സാനിയ പ്രതികരിച്ചു.

Content Highlight: Saniya Iyyappan opens up about facing cyberattacks on social media

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.