ഫഹദ് ഫാസിൽ മികച്ച നടനാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലി. എന്നാൽ ഫഹദിനോട് തനിക്ക് വലിയൊരു പരാതിയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്ന ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ്നാട്ടിലെ പരിപാടിയിലായിരുന്നു രാജമൗലിയുടെ പ്രതികരണം. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

‘ഫഹദ് ഒരു മികച്ച നടനാണ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് ഞാനത് വീണ്ടും പറയേണ്ട കാര്യമില്ല. പക്ഷേ ഫഹദിനോട് എനിക്ക് വലിയൊരു പ്രേശ്നമുണ്ടായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് ഒരിക്കൽ കണ്ടപ്പോൾ ഞാൻ ചോദിച്ചു, ‘നിങ്ങൾക്ക് എന്താണ് ഡാർക്ക് കഥാപാത്രങ്ങളോട് ഇത്രയും ഇഷ്ടം എന്ന്,’ രാജമൗലി പറഞ്ഞു.

രാജമൗലി. Photo. Screen Grab/ Youtube

‘കുമ്പളങ്ങി നൈറ്റ്സ്’, ‘ട്രാൻസ്’, ‘ജോജി’ തുടങ്ങിയ സിനിമകളിലെ ഫഹദിന്റെ കഥാപാത്രങ്ങളെക്കുറിച്ചായിരുന്നു തന്റെ ചോദ്യമെന്നും രാജമൗലി കൂട്ടിച്ചേർത്തു. ‘എന്തുകൊണ്ടാണ് നിങ്ങൾ എപ്പോഴും ഇത്തരം ഡാർക്ക് കഥാപാത്രങ്ങൾ ചെയ്യുന്നത്? എന്തുകൊണ്ട് ആളുകൾക്ക് കുറച്ചുകൂടി ഇഷ്ടപ്പെടാനും സ്നേഹിക്കാനും കഴിയുന്ന കഥാപാത്രങ്ങൾ ചെയ്തുകൂടാ’ എന്നായിരുന്നു ഫഹദിനോട് ചോദിച്ചതെന്നും രാജമൗലി പറഞ്ഞു.

പിന്നീട് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന സിനിമയുടെ കഥയിലേക്ക് എത്തിയപ്പോൾ ഫഹദ് തന്നെയാണ് ആ കഥാപാത്രത്തിന് അനുയോജ്യനെന്ന് തോന്നിയതെന്നും രാജമൗലി പറഞ്ഞു. ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രം ഒരു ‘റാസ്കൽ’ ആണെങ്കിലും, പ്രേക്ഷകർക്ക് ഒരേസമയം ഇഷ്ടപ്പെടാനും സ്നേഹിക്കാനും കഴിയുന്ന തരത്തിലുള്ള കഥാപാത്രമാണെന്നും രാജമൗലി പറഞ്ഞു.

‘ഞങ്ങൾക്ക് അറിയാമായിരുന്നു ഫഹദ് ഈ കഥാപാത്രം ചെയ്താൽ ഗംഭീരമായിരിക്കുമെന്ന്. സിനിമയിൽ അദ്ദേഹം ഒരു റാസ്കൽ തന്നെയാണ്. പക്ഷേ വളരെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന ഒരു റാസ്കൽ. ഫഹദ് ആ കഥാപാത്രത്തെ അതിമനോഹരമായി ചെയ്തു. കഥാപാത്രത്തിലേക്ക് അദ്ദേഹം ഒരുപാട് ജീവൻ കൊണ്ടുവന്നു,’ രാജമൗലി പറഞ്ഞു.

രാജമൗലി. Photo. Screen Grab/ Youtube

ഡബ്ബിങ്ങും സംഗീതവും പോലും പൂർത്തിയാകാത്ത ഘട്ടത്തിൽ സിനിമയുടെ ആദ്യ കോപ്പി കണ്ട അനുഭവവും രാജമൗലി പങ്കുവെച്ചു.

‘ഡബ്ബിങ്ങോ മ്യൂസിക്കോ ഇല്ലാത്ത ആദ്യ കോപ്പി കണ്ടപ്പോൾ ഞാൻ ചിരിക്കുകയും കരയുകയും ചെയ്തു. ഒരുപാട് കരഞ്ഞു. ഞാൻ എന്തിനാണ് കരയുന്നതെന്ന് എന്റെ ഭാര്യ പോലും ആശങ്കപ്പെട്ടു. അതേസമയം സിനിമ ഞാൻ ഒരുപാട് ആസ്വദിക്കുകയും ചെയ്തു. ഫഹദ് കഥാപാത്രത്തിലേക്ക് കൊണ്ടുവന്ന ആഴവും ജീവനും സിനിമ കണ്ടപ്പോൾ തന്നെ അനുഭവപ്പെട്ടു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: S.S. Rajamouli talks about ‘Don’t Trouble the Trouble’ and praises Fahadh Faasil