ഐ.പി.എല്ലിലെ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടത്തിലും മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈയുടെ വിജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു. എട്ട് പോയിന്റാണ് ചെന്നൈയുടെ പക്കലുള്ളത്. അതേസമയം തോല്‍വിയോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.
ക്യാപ്റ്റന് ഋതുരാജ് ഗെയ്ക്വാദിന്റെയും കാര്‍ത്തിക് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി മികവിലാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. 48 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടിയാണ് ചെന്നൈ ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു ചെന്നൈ ക്യാപ്റ്റന്റെ ഇന്നിങ്‌സ്.
വിജയത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഗെയ്ക്വാദിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ക്യാപ്റ്റനാകുകയാണ് ഋതുരാജ് ഗെയ്ക്വാദ്. 100 ശതമാനമാണ് മുംബൈക്കെതിരെയുള്ള ഗെയ്ക്വാദിന്റെ വിജയശതമാനം. മുംബൈയ്‌ക്കെതിരായ നാല് മത്സരങ്ങളില്‍ നാലും ഗെയ്ക്വാദ് വിജയം സ്വന്തമാക്കി.
ഋതുരാജിന് പുറമെ 40 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം പുറത്താവാതെ 54 റണ്‍സ് നേടിയാണ് കാര്‍ത്തിക് ശര്‍മ ചെന്നൈക്ക് വിജയം സമ്മാനിച്ചത്. ഉര്‍വില്‍ പട്ടേല്‍ 12 പന്തില്‍ 24 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നമന്‍ ധിറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഭേദപ്പെട്ട ടോട്ടല്‍ സ്വന്തമാക്കിയത്. 37 പന്തുകളില്‍ നിന്നും 57 റണ്‍സാണ് നമന്‍ അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. റിയാന്‍ റിക്കല്‍ട്ടണും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. 24 പന്തില്‍ 37 റണ്‍സാണ് റിക്കല്‍ട്ടണ്‍ അടിച്ചെടുത്തത്.
മത്സരത്തില്‍ ചെന്നൈ ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തത് അന്‍ഷുല്‍ കാംബോജാണ്. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റുകളും ജെയ്മി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മെയ് അഞ്ചിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ക്യാപ്പിറ്റല്‍സിന്റെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. മറുഭാഗത്ത് മെയ് നാലിന് നടക്കുന്ന മത്സരത്തില്‍ മുംബൈ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെയും നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെയാണ് വേദി.
Content Highlight: Ruturaj Gaikwad In Great Record Achievement Against Mumbai Indians