എല്‍ ക്ലാസിക്കോയില്‍ 200, 500; ടി-20യില്‍ ചരിത്രമെഴുതി ചെന്നൈ നായകന്‍
Cricket
എല്‍ ക്ലാസിക്കോയില്‍ 200, 500; ടി-20യില്‍ ചരിത്രമെഴുതി ചെന്നൈ നായകന്‍
Sudev A
Saturday, 2nd May 2026, 11:06 pm

ടി-20യില്‍ പുത്തന്‍ നാഴികക്കല്ലുകള്‍ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ്. ടി-20യില്‍ 200 സിക്‌സുകളും 500 ഫോറുകളും പൂര്‍ത്തിയാക്കിയാണ് ഗെയ്ക്വാദ് പുതിയ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിലാണ് സി.എസ്.കെ നായകന്‍ ഈ രണ്ട് നേട്ടങ്ങളും സ്വന്തമാക്കിയത്.

രണ്ട് സിക്‌സുകള്‍ നേടിയാണ് ഗെയ്ക്വാദ് ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. മൂന്ന് ഫോറുകളാണ് താരത്തിന് 500 എന്ന നാഴികക്കല്ലിലെത്താന്‍ ആവശ്യമായി വന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 159 റണ്‍സ് പിന്തുടരുന്നതിനിടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ഗെയ്ക്വാദ് തിളങ്ങിയിരിക്കുന്നത്.

ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തില്‍ ഐ.പി.എല്ലില്‍ 100 സിക്സുകള്‍ എന്ന നേട്ടവും ഗെയ്ക്വാദ് സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റിലെ 78ാം ഇന്നിങ്‌സിലായിരുന്നു ഗെയ്ക്വാദ് സിക്‌സില്‍ സെഞ്ച്വറിയടിച്ചത്. ഇതോടെ 100 സിക്സുകള്‍ നേടുന്ന നാലാമത്തെ ചെന്നൈ സൂപ്പര്‍ കിങ്സ് താരമായും ഗെയ്ക്വാദ് മാറിയിരുന്നു. എം.എസ്. ധോണി, സുരേഷ് റെയ്ന, ശിവം ദുബൈ എന്നിവരാണ് സി.എസ്.കെ ജേഴ്സിയില്‍ മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

അതേസമയം മത്സരത്തില്‍ നമന്‍ ധിറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മുംബൈ മാന്യമായ ടോട്ടല്‍ സ്വന്തമാക്കിയത്. 37 പന്തുകളില്‍ നിന്നും 57 റണ്‍സാണ് നമന്‍ അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. റിയാന്‍ റിക്കല്‍ട്ടണും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. 24 പന്തില്‍ 37 റണ്‍സാണ് റിക്കല്‍ട്ടണ്‍ അടിച്ചെടുത്തത്. താരത്തിന്റെ ഇന്നിങ്‌സില്‍ ഫോറുകള്‍ ഉണ്ടായിരുന്നില്ല. അഞ്ച് കൂറ്റന്‍ സിക്‌സുകളാണ് റിക്കല്‍ട്ടണ്‍ നേടിയത്.

മത്സരത്തില്‍ ചെന്നൈ ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തത് അന്‍ഷുല്‍ കാംബോജ് ആണ്. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റുകളും ജെയ്മി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Ruturaj Gaikwad Create a New Milestones in T20 cricket

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.