യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റ് തകര്‍ന്നു; അന്താരാഷ്ട്ര കരാറുകളുടെ ലംഘനമെന്ന് റഷ്യ
Iran US Conflict
യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റ് തകര്‍ന്നു; അന്താരാഷ്ട്ര കരാറുകളുടെ ലംഘനമെന്ന് റഷ്യ
അനിത സി
Wednesday, 11th March 2026, 7:54 am

മോസ്‌കോ: മാര്‍ച്ച് എട്ടിന് യു.എസ്-ഇസ്രഈല്‍ ഷെല്ലാക്രമണത്തില്‍ ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം.

മാര്‍ച്ച് എട്ടിന് ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലുണ്ടായ ആക്രമണത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റിന് കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടന തരംഗത്തില്‍ ജീവനക്കാര്‍ തെറിച്ചുവീണു.

ഓഫീസ് കെട്ടിടത്തിലെയും റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെയും ജനാലകള്‍ തകര്‍ന്നു. ഭാഗ്യവശാല്‍ ആളപായമോ ഗുരുതരമായ പരിക്കുകളോ ഉണ്ടായില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ വിശദീകരിച്ചു.

നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുള്ള ഇസ്രഈലിന്റെ ആക്രമണം അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെ നഗ്നമായ ലംഘനമാണെന്നും എല്ലാ കക്ഷികളും നയതന്ത്ര നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

ഫെബ്രുവരി 28ന് ആരംഭിച്ച ഇറാന്‍-യു.എസ്, ഇസ്രഈല്‍ ആക്രമണം രൂക്ഷമാകുന്നതിനിടെയാണ് റഷ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനുമായി സംസാരിച്ചിരുന്നു. ശത്രുത അവസാനിക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് റഷ്യ ഇറാനോട് ആവശ്യപ്പെട്ടു.

കൂടാതെ, ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖാംനഇയ്ക്ക് റഷ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം, ഇറാന് നേരെയുള്ള ആക്രമണം ഉടനെ അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷം രണ്ട് ആഴ്ച പിന്നിടുന്നതിനിടെ സംഘര്‍ഷത്തെ ഹ്രസ്വകാല വിനോദയാത്ര എന്ന് ട്രംപ് വിശേഷിപ്പിച്ചതും ചര്‍ച്ചയായി.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയതിനെ കുറിച്ചും ട്രംപ് വെളിപ്പെടുത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പുടിന് താത്പര്യമുണ്ടെന്നും എന്നാല്‍, ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായം ചെയ്യുന്നതാണ് കൂടുതല്‍ നല്ലതെന്ന് താന്‍ മറുപടി നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടു.

കഴിഞ്ഞദിവസം ട്രംപും പുടിനും ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ഇറാന്റെ പരമോന്നത നേതാവിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപ് റഷ്യന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചത്.

മുജ്തബ ഖാംനഇയുടെ നിയമനം ഇറാന്റെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പുതിയ നേതാവിനെ ലക്ഷ്യം വെയ്ക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത് അനുചിതമായിരിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlight: Russian consulate destroyed in US-Israeli attack; Russia says it is a violation of international agreements

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.