കൊവിഡിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടി എന്ന പേര് റീബ്രാന്‍ഡ് ചെയ്യപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. തന്നിലെ താരത്തെക്കാള്‍ നടന് വെല്ലുവിളിയുയര്‍ത്തുന്ന സിനിമകള്‍ തേടിപ്പിടിച്ച് ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രേക്ഷകരെ ഞെട്ടിക്കുന്നത്. കേരളത്തിന് പുറത്ത് മലയാളസിനിമയെക്കുറിച്ച് സംസാരിക്കുന്നവര്‍ മമ്മൂട്ടിയുടെ പേരും അദ്ദേഹത്തിന്റെ സിനിമകളും ഇപ്പോള്‍ സ്ഥിരമായി ഉപയോഗിക്കുകയാണ്.
മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ടുകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലും സിനിമാപേജുകളിലും. മമ്മൂട്ടിയുടെയും മലയാളസിനിമയിലെയും ഐക്കോണിക് ബ്രാന്‍ഡുകളിലൊന്നായ സേതുരാമയ്യറായി മമ്മൂട്ടി വേഷമിടുന്നു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ് കഥാപാത്രത്തിന്റെ രണ്ടാം വരവും ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
2023ല്‍ പുറത്തിറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ സീക്വല്‍ ഉണ്ടായേക്കുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റൈറ്റിങ് പ്രൊസസ്സ് ആരംഭിച്ചെന്നും അധികം വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്.
എസ്.ഐ ജോര്‍ജായി മമ്മൂട്ടിയുടെ ഗംഭീര പ്രകടനമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡിന്റെ ഹൈലൈറ്റ്. ഗംഭീര പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും 100 കോടി നേടാനാകാത്ത ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. റിലീസിന് മുമ്പ് വേണ്ടത്ര പ്രൊമോഷനും ഹൈപ്പുമില്ലാതിരുന്ന ചിത്രം വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് ബോക്‌സ് ഓഫീസില്‍ കത്തിക്കയറിയത്. 85 കോടിയില്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് റണ്‍ അവസാനിച്ചു.
സേതുരാമയ്യറിനൊപ്പം ജോര്‍ജ് സാറും തിരിച്ചുവരുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ആദ്യഭാഗത്തിലെ അതേ ടീം കണ്ണൂര്‍ സ്‌ക്വാഡിന് വേണ്ടി വീണ്ടും ഒന്നിക്കുമ്പോള്‍ പഴയ തിരക്കഥാകൃത്തിനും സംവിധായകനും പകരം പുതിയ ആളുകളുമായിട്ടാണ് സേതുരാമയ്യറിന്റെ വരവ്. രേഖാചിത്രം, പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജോഫിന്‍ ടി. ചാക്കോയാകും ചിത്രം സംവിധാനം ചെയ്യുക.
മിഥുന്‍ മാനുവല്‍ തോമസോ സുനില്‍ രാമനോ ആകും ചിത്രത്തിന്റെ തിരക്കഥയൊരുക്കുകയെന്നും റൂമറുകളുണ്ട്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യറിന്റേതായി ഇതുവരെ അഞ്ച് സിനിമകളാണ് പുറത്തിറങ്ങിയത്. വന്‍ ഹൈപ്പില്‍ ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സി.ബി.ഐ 5 ദി ബ്രെയിന്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. ശരാശരി റിപ്പോര്‍ട്ട് ലഭിച്ചിട്ടും ബോക്‌സ് ഓഫീസില്‍ 30 കോടിയിലേറെയായിരുന്നു നേടിയത്.
Content Highlight: Rumors that Mammootty going to do the sequel of Kannur Squad