പാലക്കാട് ആര്‍ച്ചറി അക്കാദമി ട്രെയിനറായ യുവാവിന് നേരേ സംഘപരിവാര്‍ ആക്രമണം. പാലക്കാട് പുത്തൂരില്‍ യുവാവിനെ ആര്‍.എസ്.എസ് സംഘം കൂട്ട ആക്രമണത്തിന് വിധേയനാക്കിയത്.

മര്‍ദ്ദനത്തിന് പ്രധാന കാരണം ആ യുവാവിന്റെ പേര് മുനീര്‍ ആയതാണെന്നാണ് ആര്‍ച്ചറി ട്രെയിനര്‍ കൂടിയായ യുവാവ് പറഞ്ഞത്. അതു മാത്രമല്ല താന്‍ താടി വളര്‍ത്തിയിരുന്നു. പെണ്‍കുട്ടികളെ ജിഹാദില്‍ക്കുടുക്കി നാടു കടത്തുന്ന എല്ലാ യുവാക്കളും താടി വളര്‍ത്തിയവരാണെന്നാണ് മുനീറിനെ മര്‍ദ്ദിച്ച സംഘത്തിന്റെ വാദം.

പാലക്കാട് ദ്രോണ അക്കാദമിയിലെ മുനീറിനെ പൂത്തൂരിനടുത്തുള്ള കോട്ടേക്കാട് വെച്ചാണ് ഒരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ജിഹാദിയെന്നാരോപിച്ചായിരുന്നു ആക്രമണം.

പാലക്കാട് കോട്ടേക്കാട് പോയി വരുന്ന വഴിയ്ക്ക് പഠിപ്പിക്കുന്ന വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറിയതിനാണ് പ്രദേശത്തെ ആര്‍.എസ്.എസ്‌കാര്‍ മുനീറിനെ മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിനിയുടെ അച്ഛന് സുഖമില്ലെന്ന വിവരം അറിഞ്ഞാണ് മുനീര്‍ വീട്ടിലേക്കെത്തിയത്.


ALSO READ: ‘ഒരു ജീവന്‍ കൊണ്ടുപോയില്ലേ… ഇനിയെത്ര ജീവന്‍ വേണം’; നാടിനെ കൊല്ലുന്ന മാലിന്യത്തിനെതിരെ നിരാഹാരവുമായി നിയമവിദ്യാര്‍ത്ഥിനി


എന്നാല്‍ കുട്ടിയുടെ വീട്ടിലേക്ക് എത്തിയപ്പോഴെക്കും നേരം വളരെ വൈകിയിരുന്നു. ഇതിനെതുടര്‍ന്ന് ഇപ്പോള്‍ വരുന്നില്ല എന്ന് വിളിച്ച് പറയാന്‍ വേണ്ടി അവരുടെ അപ്പാര്‍ട്മെന്റിന് മുന്നില്‍ തന്നെ മുനീര്‍ ഫോണ്‍ ചെയ്തു. പെണ്‍കുട്ടിയും വീട്ടുകാരും ബാല്‍ക്കണിയിലെത്തി മുനീറിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.

അതിനിടെയാണ് അവിടെയെത്തിയ ചിലര്‍ മുനീറിന് നേരേ മര്‍ദ്ദനവുമായി രംഗത്തെത്തിയത്. പേരെന്താണെന്നും എന്തിനാണ് താടി വളര്‍ത്തിയിരിക്കുന്നതെന്നും ചോദിച്ചായിരുന്നു ഇവര്‍ മുനീറിനെ സമീപിച്ചത്.

“സ്പോര്‍ട്സ് ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. പഠിപ്പിക്കുന്ന കുട്ടിയുടെ അച്ഛന് സുഖമില്ലാത്ത വിവരം അറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ വേണ്ടിയാണ് കോട്ടേയ്ക്കാട് ഉള്ള വിദ്യാര്‍ഥിയുടെ വീട്ടിലേക്ക് എത്തിയത്.

എന്നാല്‍ അപ്പോഴെക്കും നേരം വളരെ വൈകിയതിനാല്‍ അവരുടെ അപ്പാര്‍ട്ട്മെന്റിന് മുന്നില്‍ വെച്ച് തന്നെ ഞാന്‍ കുട്ടിയെ ഫോണ്‍ ചെയ്ത് നേരം വൈകിയതിനാല്‍ വീട്ടില്‍ കയറുന്നില്ലെന്നും പിന്നീട് ഒരു ദിവസം വരാമെന്നും പറഞ്ഞ് ഫോണ്‍ ചെയ്തിരുന്നു.

അപ്പോള്‍ തന്നെ കുട്ടിയും ആ കുടുംബാംഗങ്ങളും ബാല്‍ക്കണിയിലെത്തി എന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ചിലര്‍ എന്റെ സമീപത്തേക്ക് വന്നതെന്ന്” മുനീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“വന്നയുടനെ തന്നെ അവര്‍ ആദ്യം എന്റെ പേര് ചോദിച്ചു. ഞാന്‍ മുനീര്‍ എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ആദ്യം അടിപൊട്ടി. പിന്നങ്ങോട്ട് മര്‍ദ്ദനമായിരുന്നു. ഞാന്‍ താടി വളര്‍ത്തിയിരുന്നുവെന്നും ജീഹാദി ഗ്രൂപ്പില്‍പ്പെട്ട ആളാണെന്നും അവര്‍ ആരോപിച്ചു. അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് നിന്ന് ഞാന്‍ പെണ്‍കുട്ടിയുമായി എന്തിന് സംസാരിച്ചു എന്നൊക്കെ അവര്‍ പറഞ്ഞു- മൂനീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.


ALSO READ: സ്വകാര്യ വിദ്യാഭ്യാസമേഖലയ്ക്ക് കൂച്ചുവിലങ്ങ് വേണം: സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്ന് ഹൈക്കോടതി ഉത്തരവ്


അതേസമയം വിദ്യാര്‍ഥിനിയുടെ കുടുംബം മുനീര്‍ തന്റെ പരിചയക്കാരാണ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഇതൊന്നും വകവെയ്ക്കാതെയായിരുന്നു ഇവര്‍ മര്‍ദ്ദിച്ചതെന്നും മുനീര്‍ പറഞ്ഞു.

മുസ്ലിം ആയ താന്‍ എന്തിനാണ് ഇവിടെ നിന്ന് വിദ്യാര്‍ത്ഥിയെ വിളിക്കുന്നതെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം.മര്‍ദ്ദനത്തിനു ശേഷം അടുത്തുള്ള ഒരു അമ്പലത്തിനടുത്തേക്ക് അവര്‍ തന്നെ കൂട്ടിക്കൊണ്ടു പോയി. പിന്നീട് തന്റെ കൈയ്യല്‍ നിന്നും പണമമാവശ്യപ്പെട്ടെന്നും മുനീര്‍ പറഞ്ഞു.

അതേസമയം തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ മുനീര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്കിലും മറ്റുമായി പത്തിലധികം ആള്‍ക്കാരാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് മുനീര്‍ പറഞ്ഞത്.

“മര്‍ദ്ദിച്ച പതിനഞ്ചോളം പേര്‍ക്കെതിരെയാണ് മുനീര്‍ സ്റ്റേറ്റ്മെന്റ് തന്നിരിക്കുന്നത്. കേസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന്” നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പിടിയിലായവര്‍ ആര്‍.എസ്.എസ് കാരാണോയെന്ന ചോദ്യത്തിന് പൊലീസ് അധികൃതര്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാറായിട്ടില്ലെന്നും നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.