cHANDRACHOODANന്യൂദല്‍ഹി: പിളര്‍പ്പ് ഒഴിവാക്കാനാണ് പ്ലീനം വിളിച്ച് ചേര്‍ത്തതെന്ന് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും ചുമതലയേറ്റ ടി.ജെ ചന്ദ്രചൂഡന്‍. പാര്‍ട്ടി കേരള ഘടകം കോണ്‍്ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെതിരെ ആര്‍.എസ്.പി ദേശീയ സമ്മേളനത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

കേരളഘടകം തെറ്റുതിരുത്തണമെന്നും സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോവുകയാണ് കേരള ഘടകം ചെയ്തതെന്നും എല്‍.ഡി.എഫിലേക്ക് തിരികെ പോകണമെന്നും ആവശ്യപ്പെട്ട് ദേശീയ സമ്മേളനത്തില്‍ ബംഗാള്‍ ഘടകവും ചില യുവജന നേതാക്കളും രംഗത്ത് വന്നു. ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് പ്രത്യേക പ്ലീനം വിളിച്ചു ചേര്‍ത്തത്.

ത്രിപുര, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കേരളഘടകവും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കിയതിനെതിരെ ശക്തമായാണ് പ്രതികരിച്ചത്.

കേരള ഘടകത്തിന്റെ തീരുമാനം പാര്‍ട്ടി നയത്തിന്റെ വ്യതിയാനമാണെന്നും ആ തീരുമാനത്തോട് യോജിക്കുന്നില്ലെങ്കിലും കുറ്റപ്പെടുത്തുന്നില്ലെന്ന് ടി.ജെ ചന്ദ്ര ചൂഡന്‍ പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആര്‍.എസ്.എസിനെ നേരിടാനുള്ള ശക്തി ഇടതിനില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

ടി.ജെ ചന്ദ്രചൂഡന്‍ ആര്‍.എസ്.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും. ദേശീയ ജനറല്‍ സെക്രട്ടറിയായി ടി ജെ ചന്ദ്രചൂഡനെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. 51 അംഗ കേന്ദ്രകമ്മിറ്റിയെയും സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. ഷിബു ബേബി ജോണടക്കം മൂന്ന് പേര്‍ കമ്മിറ്റിയിലുണ്ട്.