മലയാള സിനിമയിൽ വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവതാരമാണ് റോഷൻ മാത്യു. 2015-ൽ അഭിനയരംഗത്തെത്തിയ താരം ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ‘കൂടെ’, ‘മൂത്തോൻ’, ‘കപ്പേള’, ‘സി യു സൂൺ’, ‘കുരുതി’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച റോഷൻ ഇന്ന് മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലും സജീവ സാന്നിധ്യമാണ്. പുതിയ ചിത്രമായ ‘ഉയിർ’ന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ തിരക്കേറിയ ജീവിതത്തെക്കുറിച്ചും ഒഴിവുസമയത്തെ എങ്ങനെ കാണുന്നുവെന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് റോഷൻ മാത്യു. ക്യൂ സ്റ്റുഡിയോക്ക് വേണ്ടി സംസാരിക്കുകയായിരുന്നു താരം.
‘എന്നെ സംബന്ധിച്ചിടത്തോളം സിനിമയോ നാടകമോ പോലുള്ള ഡിഫൈൻഡ് പ്രോജക്ടുകൾ നടക്കുന്ന സമയമാണ് ഞാൻ ഏറ്റവും റിലാക്സ്ഡ് ആയിരിക്കുന്ന സമയം. ഷൂട്ടോ റിഹേഴ്സലുകളോ ഒക്കെ ഹെക്ടിക്കായിരിക്കും. അതിന്റെ ഭാഗമായി ഉണ്ടാകുന്ന ഫിസിക്കൽ ഹെക്ടിക്കാണ് ആ സമയത്തെ പ്രധാന ബുദ്ധിമുട്ട്. എന്നാൽ ഇതൊന്നുമില്ലാത്ത ഫ്രീ അവേഴ്സാണ് എനിക്ക് ശരിക്കും റിലാക്സ്ഡ് അല്ലാത്ത സമയം. അപ്പോഴാണ് ഞാൻ ഏറ്റവും ബിസിയായിരിക്കുന്നത്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാകും. കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ രാവിലെ എഴുന്നേറ്റിട്ട് ഇന്ന് ഒന്നും ചെയ്യാനില്ലല്ലോ എന്ന് നെഗറ്റീവ് ആയി ചിന്തിക്കേണ്ടി വന്നിട്ടില്ല.
ഈ തിരക്കുകൾക്കിടയിലും ‘ഇന്ന് ഒന്നും ചെയ്യാനില്ലല്ലോ’ എന്ന് സന്തോഷത്തോടെ പറയാൻ പറ്റുന്ന രീതിയിലാണ് ഇപ്പോൾ എന്റെ ജീവിതം പോകുന്നത്. ഈ തിരക്കുകളൊക്കെ ഞാൻ തന്നെ ഉണ്ടാക്കുന്നതാണ്. ഒരു പ്രോജക്ട് നടക്കുന്ന സമയമാണെങ്കിൽ ഞാൻ അതിനെ ഓവർസ്റ്റഫ് ചെയ്യും. മൂന്ന് കാര്യങ്ങൾ കംഫർട്ടബിളായി ചെയ്യാൻ പറ്റുന്ന ഒരു ദിവസത്തിൽ ഏഴ് കാര്യങ്ങൾ ഞാൻ പ്ലാൻ ചെയ്യും. അതിൽ ആറെണ്ണം തീർക്കും. ബാക്കി വരുന്ന ഒരു കാര്യം അടുത്ത ദിവസത്തേക്ക് മാറ്റും. അടുത്ത ദിവസം രാവിലെ എഴുന്നേൽക്കുന്നത് അത് ഓർത്തിട്ടായിരിക്കും.
ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും സിനിമയുമായി ബന്ധപ്പെട്ടതായിരിക്കില്ല. എനിക്ക് വരുന്ന പ്രോജക്ടുകളുടെ സ്ക്രിപ്റ്റുകൾ പരമാവധി വായിക്കാൻ ശ്രമിക്കും. അതിനായി ആളുകളെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്യും. അതല്ലാതെ വേറെയും കുറച്ച് പ്രോജക്ടുകൾ എന്റെ ജീവിതത്തിലുണ്ട്. അതിനൊക്കെയും സമയം കണ്ടെത്താറുണ്ട്. പക്ഷേ കൂടുതലും എന്റെ സമയം ജോലി സംബന്ധമായ കാര്യങ്ങൾക്കായിരിക്കും,’ റോഷൻ മാത്യു പറഞ്ഞു.
റോഷൻ മാത്യുവിനെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഉയിർ’ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സബ് ഇൻസ്പെക്‌ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, ശ്രുതി മേനോൻ, വിനോദ് സാഗർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.